കന്യാകുമാരി: മാസങ്ങളായി കോതയാറിന്റെ തീരപ്രദേശങ്ങളിൽ ഭീതിപരത്തിയിരുന്ന ഭീമൻ മുതലയെ വനംവകുപ്പ് പിടികൂടി. കന്യാകുമാരി ജില്ലയിലെ തിർപ്പറപ്പിന് സമീപം കോതയാറിൽ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുൻപാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് മുതലയെ പിടികൂടാൻ ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. കോഴിയെയും ആടിനെയും ഇരയായി ഉപയോഗിച്ച് പലതവണ കെണിയൊരുക്കിയെങ്കിലും അതെല്ലാം മറികടന്ന് മുതല രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം പ്രദേശത്ത് വിശദമായ പരിശോധന നടത്തി മുതലയുടെ സഞ്ചാരപഥങ്ങൾ കണ്ടെത്തി.
തുടർന്ന് ഇവിടങ്ങളിൽ വലകൾ സ്ഥാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങിയതായി കണ്ടെത്തിയത്. മുതലയ്ക്ക് 300 കിലോ തൂക്കമുണ്ടെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

Be the first to comment