വിമർശനമുനയിൽ സർക്കാർ; മന്ത്രിമാരുടെ വിദേശയാത്രയിൽ വിവാദം, മുഖ്യമന്ത്രിയുടെ വിമാനയാത്ര ചിലവിലും അവ്യക്തത

തിരുവനന്തപുരം: മന്ത്രിമാരുടെ കൂട്ടത്തോടെയുള്ള വിദേശ യാത്രകളിലും കെ എം ഷാജിയുടെ ആഢംബര കാർ ഉപയോഗത്തിലും സർക്കാർ വിമർശനമുനയിൽ. വിവാദത്തിനിടെ മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയുടെ ചെലവിലും അടിമുടി അവ്യക്തതയാണ്. പൊതുപണം ചെലവാക്കാത്ത സ്വകാര്യയാത്രയ്ക്ക് എന്താണ് പ്രശ്നമെന്നായിരുന്നു കായിക മന്ത്രിയുടെ ചോദ്യം. ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സർക്കാറിന് ലാഭമാണമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിചിത്ര വാദം.

കടൽ കടന്ന വിവാദങ്ങള്‍

കുടുംബസമേതമുള്ള അമേരിക്കന്‍ യാത്ര വിവാദമായതോടെ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. എറണാകുളത്തെ സുഹൃത്തിന്‍റെ മകന്റെ കല്യാണം കൂടാനായിരുന്നു യാത്ര എന്നാണ് വിശദീകരണം. ടിക്കറ്റിന് ഖജനാവിലെ പണമെന്ന് ആരോപിച്ചവർക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഈ വിവാദം അന്തരീക്ഷത്തിൽ നിൽക്കെയാണ് കായിക മന്ത്രി ഒ ജെ ജനീഷ് കുടുംബ സമേതം ഒമാനിലേക്ക് പോയത്. പണം സ്വന്തം പോക്കറ്റിൽ നിന്നാണ് എന്നാണ് വിശദീകരണം. അതേസമയം, പി സി വിഷ്ണുനാഥിന്‍റെ യുഎഇ സന്ദർശനം ഒദ്യോഗികമെന്നാണ് സർക്കാര്‍ വിശദീകരിക്കുന്നത്. കേരളത്തിന്‍റെ വടക്കുനിന്ന് തെക്കോളം റേഞ്ച് റോവർ വിവാദം കത്തുമ്പോൾ മന്ത്രി കെ എം ഷാജിയും കുടുംബവും യൂറോപ്യൻ പര്യടനത്തിലാണ്. വേൾഡ് മലയാളി ഫെഡറേഷന്റെ പത്താം വാർഷികത്തിൽ പങ്കെടുക്കാനാണ് ബൾഗേറിയയിലേക്ക് പറന്നതെന്നാണ് പറയുന്നത്. ഇതിനിടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വിദേശത്ത് പോയി മടങ്ങിയെത്തിയിട്ടുണ്ട്.

വിമർശങ്ങള്‍ തുടരുന്നു

വിവാദത്തിന് ബ്രേക്ക് ഇടാൻ റേഞ്ച് റോവർ ഷാജി തിരിച്ച് ഏല്പിച്ചെങ്കിലും വിമർശനം തുടരുകയാണ്. അതേസമയം, ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സർക്കാറിന് ലാഭമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ ന്യായീകരണം. യാത്രാവിവാദം കത്തുന്നതിനിടെയാണ് മഴക്കെടുതി ദുരന്തമുണ്ടായ മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേ‍ഡ് ഫ്ലൈറ്റ് യാത്ര. പൊലീസിൻ്റെ വാടക ഹെലികോപ്റ്ററിൻ്റെ കരാർ കാലാവധി തീർന്നതോടെയാണ് ബെംഗളൂരുവിൽ നിന്ന് ചാർട്ടേഡ് ഫ്ലേറ്റ് എത്തിയത്. എന്നാല്‍, വാടക ഹെലികോപ്റ്ററിൻ്റെ ചെലവ് ആര് വഹിക്കുമെന്നതിൽ സർക്കാർ വിശദീകരണം നൽകിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*