പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗീയ ക്രിസ്തീയ പരിഷത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ക്രൈസ്തവർക്കും അവരുടെ പ്രാർഥനാ യോഗങ്ങൾക്കും നേരെ 26-ഓളം ആക്രമണങ്ങൾ ഉണ്ടായതായി സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മതപരിവർത്തനം ആരോപിച്ചുകൊണ്ട് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വിശ്വാസികൾക്കും നേരെ വ്യാജ പ്രചരണങ്ങളും ശാരീരിക അതിക്രമങ്ങളും ഭീഷണികളും നടത്തുന്നത് പതിവായിരിക്കുകയാണ്. ഇത് വെറുമൊരു കെട്ടിടത്തിന് നേരെയുള്ള ആക്രമണമല്ലെന്നും, സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ വിശ്വാസികളിൽ വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ടെന്നും സംഘടനയുടെ സ്ഥാപക സെക്രട്ടറിയായ ഹെറോഡ് മല്ലിക് ചൂണ്ടിക്കാട്ടി.
അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ 11 പരാതികൾ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഭയം മൂലം പലരും പരാതി നൽകാൻ മടിക്കുന്നതിനാൽ യഥാർഥ ആക്രമണങ്ങളുടെ സംഖ്യ ഇനിയും ഉയർന്നേക്കാം. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ക്രിസ്ത്യൻ കൗൺസിൽ അറിയിച്ചു.

Be the first to comment