സംസ്ഥാനത്തെ മോർഫിങ് കേസുകളിൽ വലിയ വർധനവെന്ന് റിപ്പോർട്ടർ ചാനലിൻ്റെ അന്വേഷണത്തിൽ കണ്ടെത്തൽ. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 1.5 വർഷത്തിനിടെ 141 മോർഫിങ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
2026-ൽ മാത്രം 65 കേസുകളിൽ നിന്നായി 90 പ്രതികളാണുള്ളത്. രജിസ്റ്റർ ചെയ്ത 141 എഫ്ഐആറുകളിൽ 39 കേസുകളിലും പ്രായപൂർത്തിയാകാത്തവരാണ് ഇരകളായിട്ടുള്ളത്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളിൽ ഏറെയുമെന്നത് വലിയ ആശങ്ക വർധിപ്പിക്കുന്നതാണ്.
ടെലഗ്രാം, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് മോർഫിങ് ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. മോർഫിങ് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന കേസുകളും നിരവധിയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രണയത്തിൽ നിന്നോ വിവാഹത്തിൽ നിന്നോ പിന്മാറുമ്പോൾ പ്രതികാര നടപടിയെന്ന നിലയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന രീതിയും അടുത്തിടെയായി വർധിച്ചുവരികയാണ്.
തൃക്കാക്കര ഭാരത് മാതാ കോളജിലെ മോർഫിങ് കേസ് പുറത്തുവന്നതിന് പിന്നാലെ നിരവധി സമാന കേസുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്നിരുന്നു. 13 വയസ്സിനും 68 വയസ്സിനും ഇടയിലുള്ളവർ ഇരകളായിട്ടുണ്ടെന്നത് പ്രായഭേദമന്യേ ആരും ഇതിൽ അകപ്പെടാമെന്ന് വ്യക്തമാക്കുന്നു.
തൃക്കാക്കര കേസിലും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കേസിലുമെല്ലാമുള്ളത് പോലെ ഇരകളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ കേസിൽ പ്രതിയാകുന്നു എന്നതും ആശങ്കാജനകമാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗമാണ് കേസുകളുടെ വർധനവിന് പ്രധാന കാരണമായിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

Be the first to comment