അമേരിക്കയിലെ മിസോറിയിലുള്ള സെന്റ് ലൂയിസ് അതിരൂപതാകേന്ദ്രത്തിന് നേരെ ബോംബ് ഭീഷണിയും അക്രമ ആഹ്വാനവും നടത്തിയ 32-കാരനായ ജെറമിയ റോബിസൺ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. തീവ്രവാദ ഭീഷണി മുഴക്കിയതിനാണ് പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെയാണ് പ്രതി ഭീഷണി സന്ദേശങ്ങൾ പങ്കുവച്ചത്. അതിരൂപതാ ഓഫീസിന് തൊട്ടടുത്തെത്തിയെന്നും സഭയിലുള്ള എല്ലാവരെയും വധിക്കാൻ ദൈവം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഓഫീസിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ചിത്രീകരിച്ച രണ്ടാമത്തെ വീഡിയോയിൽ ആരെയും ജീവനോടെ വിടരുതെന്നാണ് തനിക്ക് ലഭിച്ച നിർദേശമെന്നും ഇയാൾ അവകാശപ്പെട്ടു.
എഫ്.ബി.ഐയുടെ ദേശീയ ഓപ്പറേഷൻസ് സെന്റർ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഷ്രൂസ്ബറി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷ മുൻനിർത്തി കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും ആളുകളെയും ഉടനടി ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനാ നായ്ക്കളും ചേർന്ന് കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ 10,000 ഡോളറിന്റെ ബോണ്ടിൽ ഇയാളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
ജീവനക്കാരുടെയും സഭാ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉടനടി ഇടപെട്ട ക്രമസമാധാന പാലകർക്ക് അതിരൂപതാ വക്താക്കൾ നന്ദി അറിയിച്ചു.

Be the first to comment