കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് മമതയും വിമതരും. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരു വിഭാഗത്തിന്റെയും നീക്കം.
പിളർപ്പിനെ തുടർന്ന് പാർട്ടിയുടെ പേരും പൂക്കളും പുല്ലും അടങ്ങിയ ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരുവിഭാഗങ്ങളെയും തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാലറ്റ് പേപ്പറിൽനിന്ന് ഇവ താൽക്കാലികമായി നീക്കംചെയ്യാൻ കമ്മീഷൻ ഉത്തരവിട്ടതോടെയാണ് ഇരുപക്ഷവും പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്.
ഇന്നലെ പുറത്തുവന്ന കമ്മീഷൻ ഉത്തരവിനെതിരെ പാർട്ടി അധ്യക്ഷ മമത ബാനർജി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11ന് മുൻപായി മറ്റൊരു പേരും ചിഹ്നവും സമർപ്പിക്കണമെന്ന കർശന നിർദ്ദേശത്തെ തുടർന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം മൂന്ന് പേരുകളും ചിഹ്നങ്ങളും കമ്മീഷന് മുമ്പാകെ സമർപ്പിച്ചു.
തൊട്ടുപിന്നാലെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള എതിർവിഭാഗവും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഇരുവിഭാഗങ്ങളും നൽകിയ പട്ടികയിൽനിന്ന് അനുയോജ്യമായ ഒരു പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും.

Be the first to comment