ബ്രസൽസ്: യൂറോപ്യന്‍ യൂണിയന്റെ (ഇയു) ആദ്യ ‘അസോസിയേറ്റ് അംഗം’ ആകാന്‍ കാനഡയുടെ ആഗ്രഹത്തിനു യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റിന്റെ പിന്തുണ. യൂറോപ്യന്‍ യൂണിയനിലെ വിവിധ മേഖലകളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡയ്ക്ക് ‘വാതില്‍ തുറക്കുന്ന’ കാര്യം പരിശോധിക്കാന്‍ പരിഗണിക്കുന്നതായി ഉര്‍സുല വോണ്‍ ഡെര്‍ ലെയന് ഇന്നലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
അമേരിക്കയുമായി നിലനില്‍ക്കുന്ന കലുഷിതമായ ബന്ധവും അതിനോടനുബന്ധിച്ചുള്ള കടുത്ത വ്യാപാരതര്‍ക്കങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് കാനഡയുടെ നീക്കം. കഴിഞ്ഞ മാസം കാനഡയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ തീരുവകള്‍ നിലവില്‍ വന്നിരുന്നു. കാനഡയെ അമേരിക്കയുടെ ‘51-ാമത്തെ സംസ്ഥാനമാക്കും’ എന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞതും ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്.
അതേസമയം, ഇയുവിന്റെ ‘അസോസിയേറ്റ് അംഗത്വം’ നിലവില്‍ നിലവിലില്ലാത്ത ഒരു സംവിധാനമാണ്. അതിനാല്‍ കാനഡയെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ പോലും പ്രക്രിയ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം.

Be the first to comment