ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശിക്ഷ വിധിക്കും.
2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.
2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2007ൽ തച്ചങ്കരി ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സർവീസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
സ്വത്തുവകകൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ വിടുതൽ ഹർജിയിൽ, കുറ്റപത്രം നിലനിൽക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ ജൂൺ 30-നുമുൻപായി വിധി പറയണമെന്ന് ഹൈക്കോടതി വിജിലൻസ് കോടതിക്ക് നിർദേശം നൽകിയിരുന്നെങ്കിലും, പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടിനൽകുകയായിരുന്നു.

Be the first to comment