‘ഒരു സെക്കൻഡ് പോലും ആലോചിച്ചില്ല’; ഗായത്രിയെ തിരിച്ചുകൊണ്ടുവരാൻ ലീഡർ സ്ഥാനം വിട്ട് എൽദോ, രാഹുലിന്റെ പ്രശംസ

ബിഗ് ബോസ് മലയാളം സീസൺ 8ൽ അപ്രതീക്ഷിതമായൊരു തീരുമാനത്തിന് സാക്ഷ്യം വഹിച്ച് ഒൻപതാം ദിവസം. രണ്ടാം ദിവസം ജസീല പർവീണിന്റെ തീരുമാനത്തെ തുടർന്ന് പുറത്തായ ഗായത്രി സുരേഷ് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ, അതിന് വഴിയൊരുക്കിയത് പുതിയ ലീഡർ എൽദോയുടെ നിർണായക ഇടപെടലാണ്.

ബിഗ് ബോസ് ഹൗസിൽ എല്ലാവരും 100 ദിവസവും കഞ്ഞിയും പയറും കഴിച്ച് കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കുകയോ, പകരം ഒരു മത്സരാർഥിയെ പുറത്താക്കുകയോ ചെയ്യണമെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. ഇതിന്റെ ഭാഗമായി ജസീല ഗായത്രിയെ പുറത്താക്കുകയായിരുന്നു. എന്നാൽ ജസീലയുടെ തീരുമാനം മറ്റ് മത്സരാർഥികളുംമോഹൻലാലും ഉൾപ്പെടെ വിമർശിച്ചു.

ഈ ആഴ്ചയിലെ ലീഡറായി എത്തിയ എൽദോയോട്, കഴിഞ്ഞ ഭരണസമിതി എടുത്ത ഏതെങ്കിലും തീരുമാനം തിരുത്താൻ ആഗ്രഹമുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇതിന് മറുപടിയായി ഗായത്രിയെ പുറത്താക്കിയ തീരുമാനം തിരുത്തണമെന്നും ഗായത്രിയെ തിരിച്ചുകൊണ്ടുവരണമെന്നും എൽദോ ആവശ്യപ്പെട്ടു.

എന്നാൽ, ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ മറ്റൊരു നിർദേശം എത്തിയത്. ഗായത്രിയെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അംഗീകരിക്കണമെങ്കിൽ എൽദോ ലീഡർ സ്ഥാനം പുതിയ പ്രതിപക്ഷ നേതാവായ രാഹുൽ ഈശ്വറിന് കൈമാറണമെന്നായിരുന്നു ബിഗ് ബോസിന്റെ നിർദേശം.

ഒരു നിമിഷം പോലും ആലോചിക്കാതെ അതിന് തയ്യാറാണെന്ന് എൽദോ വ്യക്തമാക്കി. തുടർന്ന് രാഹുൽ ലീഡറാവുകയും എൽദോ പ്രതിപക്ഷത്ത് ഇരിക്കുകയും ചെയ്തു. സ്വന്തം അധികാരം നിലനിർത്തുന്നതിന് പകരം നേരത്തെ നടന്ന ഒരു തീരുമാനത്തെ തിരുത്താനാണ് എൽദോ തയ്യാറായത്.

എൽദോയുടെ ഈ നീക്കത്തെ രാഹുൽ ഈശ്വർ പ്രശംസിക്കുകയും ചെയ്തു. എല്ലാ ഭാഷകളിലെയും രാജ്യങ്ങളിലെയും ബിഗ് ബോസ് പതിപ്പുകളിലും ഇതുപോലൊരു സാഹചര്യം ഉണ്ടായിട്ടുണ്ടാകില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഒരു സെക്കൻഡ് പോലും ആലോചിക്കാതെ തീരുമാനം എടുത്ത എൽദോയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ജസീലയും മറ്റ് മത്സരാർഥികളും ചേർന്ന് എടുത്തത് വലിയ തെറ്റായിരുന്നുവെന്നും ഗായത്രിയെ പുറത്താക്കിയ തീരുമാനം തിരുത്താൻ അവസരം ഒരുക്കിയ എൽദോയ്ക്കും ബിഗ് ബോസിനും നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു. പരസ്പര യോജിപ്പും സഹവർത്തിത്വവും മുൻനിർത്തിയുള്ള വ്യത്യസ്തമായൊരു ബിഗ് ബോസ് സീസണായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*