വിദേശ വിനോദസഞ്ചാരികൾക്ക് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ജി.സി.സി. ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകൾ, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ., സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പുതിയ പദ്ധതി.
2023 ഒക്ടോബറിൽ ജി.സി.സി. ടൂറിസം മന്ത്രിമാരും തൊട്ടടുത്ത മാസം ആഭ്യന്തര മന്ത്രിമാരും ഈ ഏകീകൃത വിസ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
ജി.സി.സി. പൗരന്മാർക്ക് യാത്ര കൂടുതൽ വേഗത്തിലാക്കാൻ യു.എ.ഇയും ബഹ്റൈനും സംയുക്തമായി ആരംഭിച്ച ‘വൺ-പോയിന്റ് എയർ ട്രാവൽ’ (One-Point Air Travel) പദ്ധതി വിജയകരമായി മുന്നേറുന്നതായി സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ബയോമെട്രിക്, ഇ-ഗേറ്റ്സ് (eGates) എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഏകീകൃത ടൂറിസ്റ്റ് വിസ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ, വൺ-പോയിന്റ് യാത്ര പദ്ധതി ജി.സി.സി. പൗരന്മാരുടെ യാത്ര കൂടുതൽ എളുപ്പമാക്കാനാണ് നടപ്പിലാക്കുന്നത്. ബഹ്റൈനിൽ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കിയാൽ ദുബൈ, അബുദാബി ഉൾപ്പെടെയുള്ള യു.എ.ഇ. വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ പരിശോധനയ്ക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 7-ന് ദുബൈയിൽ നടന്ന 15-ാമത് എ.ഐ.എം. കോൺഗ്രസിൽ സംസാരിക്കവെ, ജി.സി.സി. ഫ്രീ ട്രേഡ് ഏരിയ, കസ്റ്റംസ് യൂണിയൻ, കോമൺ മാർക്കറ്റ് എന്നിവയിലൂടെ ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായും വ്യവസായപരമായും കൂടുതൽ ശക്തമായ പങ്കാളിത്തത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment