ഇന്ധന വിപണിയില്‍ വന്‍ വിലക്കയറ്റം: ഇന്ത്യയില്‍ വ്യാപാര കമ്മി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര ഊര്‍ജ വിപണിയെ അടിമുടി ഉലയ്ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികളും സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുമാണ് എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതി വളര്‍ത്തിയത്.

ലോക വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 99 ഡോളറിലേക്കും, യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് വില 94 ഡോളറിലേക്കും ഉയര്‍ന്നതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ സാമ്പത്തിക സമ്മര്‍ദത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ ഇന്ധനത്തിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍, അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും രൂപയുടെ മൂല്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല മാസങ്ങളില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ 56 ശതമാനത്തിലധികം വര്‍ധിച്ച് 63.4 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.

എണ്ണ ഇറക്കുമതിയുടെ അളവില്‍ വലിയ മാറ്റമില്ലെങ്കിലും വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനവാണ് ചെലവ് ഉയര്‍ത്തിയത്. എണ്ണ വില ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ അത് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകും. നിലവില്‍ രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസമായി ആഭ്യന്തര പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ വര്‍ധനവൊന്നും വരുത്തിയിട്ടില്ല. മെയ് മാസത്തില്‍ നാല് ഘട്ടങ്ങളിലായി പെട്രോളിന് ലിറ്ററിന് 7.35 രൂപയും ഡീസലിന് 7.53 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും സങ്കീര്‍ണ്ണമായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികളുടെ ലാഭവിഹിതത്തെ ഇത് ശക്തമായി ബാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര നിരക്കിലെ വര്‍ധന പൂര്‍ണ്ണമായി ഉപയോക്താക്കളിലേക്ക് കൈമാറാത്തതിനാല്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തയ്യാറാകുമോ, അതോ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*