മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കാനുള്ള ഇഡി ശുപാർശക്കെതിരെ സിപിഎം

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സതീശൻ സർക്കാർ ഇ.ഡി ഏജന്റായി മാറരുതെന്നും പിണറായി വിജയനെതിരായ ഇ.ഡി നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.

പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന് കേരള സർക്കാരിന് പോളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകി. കേസെടുത്താൽ എല്ലാ ശക്തിയുമുപയോഗിച്ച് പാർട്ടി ചെറുക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, ഇ.ഡിയെ കാട്ടി പിണറായി വിജയനെ ഭയപ്പെടുത്താമെന്ന് കരുതിയെങ്കിൽ അത് തെറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. മൂന്ന് കോടതികൾ തള്ളിയ കേസാണിത്.കേന്ദ്ര ഏജൻസികളെ നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നത് പകൽപോലെ വ്യക്തമാണെന്നും മൂന്ന് തവണ കോടതി തള്ളിയ കേസ് കോൺഗ്രസിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ഇ.ഡി നീക്കമെന്നും എം.എ. ബേബി ആരോപിച്ചു.

ഇതിന് തയ്യാറാണെന്ന സൂചന കെപിസിസി അധ്യക്ഷൻ ഇതിനകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരൊക്കെയാണ് തമ്മിലുള്ള ധാരണയെന്ന് വ്യക്തമാകുകയാണെന്നും കെപിസിസി പ്രസിഡന്റ് ഇ.ഡി നടപടിയെ പിന്തുണച്ചത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും എം.എ. ബേബി ആരോപിച്ചു.രാഹുൽ ഗാന്ധിക്കെതിരായതടക്കമുള്ള ഇ.ഡി കേസുകളെ എതിർക്കുന്ന കോൺഗ്രസ് തന്നെയാണ് ഇപ്പോൾ ഈ കേസ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*