30 വർഷത്തിന് ശേഷം ഡയാനയുടെ ‘റിവഞ്ച് ഡ്രസ്’ വീണ്ടും ലേലത്തിന്; വില 2.8 കോടി രൂപ വരെ എത്തിയേക്കും

ലോകപ്രശസ്തമായ ബ്രിട്ടീഷ് രാജകുടുംബാംഗം ഡയാന ധരിച്ച, പിന്നീട് ‘റിവഞ്ച് ഡ്രസ്’ എന്ന പേരിൽ അറിയപ്പെട്ട കറുത്ത വസ്ത്രം വീണ്ടും ലേലത്തിന്. ഏകദേശം മുപ്പത് വർഷത്തിന് ശേഷമാണ് ഈ വസ്ത്രം വീണ്ടും വിൽപ്പനയ്ക്കെത്തുന്നത്. ന്യൂയോർക്കിൽ 2026 ഡിസംബർ 9-ന് സോത്ബീസ് (Sotheby’s) സംഘടിപ്പിക്കുന്ന ലേലത്തിലാണ് വസ്ത്രം അവതരിപ്പിക്കുക. 1.5 ലക്ഷം മുതൽ 3 ലക്ഷം യുഎസ് ഡോളർ വരെ (ഏകദേശം 1.4 കോടി മുതൽ 2.8 കോടി രൂപ വരെ) വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1994 ജൂൺ 29-നാണ് ഡയാന ഈ കറുത്ത സിൽക്ക് വസ്ത്രം ധരിച്ച് ലണ്ടനിലെ സെർപന്റൈൻ ഗാലറിയിൽ നടന്ന വാനിറ്റി ഫെയർ ചാരിറ്റി പരിപാടിയിൽ പങ്കെടുത്തത്. അന്ന് ഡയാന മറ്റൊരു വസ്ത്രം ധരിക്കുമെന്നാണ് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അവസാന നിമിഷം അവർ തീരുമാനം മാറ്റി, നേരത്തെ സ്വന്തമാക്കിയിരുന്ന ഈ വസ്ത്രം ധരിക്കുകയായിരുന്നു.

അതേ ദിവസം രാത്രിയായിരുന്നു ടെലിവിഷൻ അഭിമുഖത്തിൽ അന്നത്തെ ഭർത്താവായിരുന്ന പ്രിൻസ് ചാൾസ്, വിവാഹബന്ധത്തിനിടെ അവിഹിതബന്ധം ഉണ്ടായിരുന്ന കാര്യം പരസ്യമായി സമ്മതിച്ചത്. ഈ സാഹചര്യത്തിലാണ് ഡയാന അന്ന് ധരിച്ച വസ്ത്രം പിന്നീട് ‘റിവഞ്ച് ഡ്രസ്’ എന്ന പേരിൽ പ്രസിദ്ധമായത്. അന്നത്തെ സാഹചര്യത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഡയാനയുടെ ആത്മവിശ്വാസം ഫാഷനിലൂടെയുള്ള ശക്തമായ സന്ദേശമായി പിന്നീട് വിലയിരുത്തപ്പെട്ടു.

ഗ്രീക്ക് ഡിസൈനറായ ക്രിസ്റ്റീന സ്റ്റാംബോളിയൻ രൂപകൽപ്പന ചെയ്ത അതിമനോഹരമായ വസ്ത്രമായിരുന്നു ഇത്. തോളുകൾ തുറന്നുകാണുന്ന, ശരീരത്തോട് ചേർന്നുനിൽക്കുന്ന കറുത്ത സിൽക്ക് വസ്ത്രത്തോടൊപ്പം കറുത്ത ക്ലച്ചും ഷൂസും ഡയാന അണിഞ്ഞിരുന്നു. കഴുത്തിൽ ശ്രദ്ധേയമായ മുത്തുമാലയും ചുവന്ന നെയിൽ പോളിഷും ലിപ്സ്റ്റിക്കും ഉൾപ്പെട്ട ആ ലുക്ക് അന്ന് വലിയ ശ്രദ്ധ നേടി.

വ്യക്തിപരമായ വലിയൊരു പ്രതിസന്ധിയുടെ ഘട്ടത്തിൽ തളരാതെ, ലോകത്തിന് മുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടാൻ ഡയാന ഈ വസ്ത്രം ഉപയോഗിച്ചു എന്നാണ് ഫാഷൻ ലോകം വിലയിരുത്തുന്നത്. ‘റിവഞ്ച് ഡ്രസിങ്’ (Revenge dressing) എന്ന പ്രയോഗം ജനപ്രിയമാകുന്നതിലും ഫാഷൻ ചരിത്രത്തിലെ ഒരു പ്രതീകമായി ഈ വസ്ത്രം മാറുന്നതിലും ആ രാത്രി നിർണായകമായി.

1997-ൽ ഡയാന തൻ്റെ 79 വസ്ത്രങ്ങൾ ചാരിറ്റി ആവശ്യങ്ങൾക്കായി ലേലത്തിൽ വിറ്റിരുന്നു. കാൻസർ, എയ്ഡ്സ് ബാധിതർക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഈ വസ്ത്രം ഏകദേശം 65,000 യുഎസ് ഡോളറിനാണ് വിറ്റുപോയത്. ഡയാനയുടെ മരണത്തിന് ഏതാനും മാസം മുൻപായിരുന്നു ആ വിൽപ്പന.

1997-ന് ശേഷം ഇതാദ്യമായാണ് ഈ വസ്ത്രം വീണ്ടും ലേലത്തിന് എത്തുന്നത്. ഇപ്പോഴത്തെ ഉടമയായ കുടുംബമാണ് വസ്ത്രം വീണ്ടും വിൽപ്പനയ്ക്കായി നൽകുന്നത്. വസ്ത്രത്തിൻ്റെ ചരിത്രപരവും ഫാഷൻപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് സോത്ബീസ് ഇത്രയും വലിയൊരു തുക ലേലത്തിൽ പ്രതീക്ഷിക്കുന്നത്.

ന്യൂയോർക്കിലെ ലേലത്തിന് മുൻപ് വസ്ത്രം വിവിധ രാജ്യങ്ങളിൽ പ്രദർശിപ്പിക്കും. ലണ്ടൻ, ഹോങ്കോങ്, ജനീവ എന്നിവിടങ്ങളിലെ പ്രദർശനങ്ങൾക്ക് ശേഷമാണ് ഇത് ന്യൂയോർക്കിലെത്തുക. ലണ്ടനിൽ സെപ്റ്റംബർ 18 മുതൽ 24 വരെ സോത്ബീസ് വേദിയിൽ വസ്ത്രം പൊതുജനങ്ങൾക്ക് കാണാനാകും. ഒരു സാധാരണ സായാഹ്ന വസ്ത്രത്തിൽ നിന്ന് ആഗോളതലത്തിൽ തിരിച്ചറിയപ്പെടുന്ന സാംസ്കാരിക പ്രതീകമായി മാറിയതിൻ്റെ അപൂർവ ഉദാഹരണമാണ് ഡയാനയുടെ ഈ കറുത്ത വസ്ത്രം.

Be the first to comment

Leave a Reply

Your email address will not be published.


*