മെസ്സിയെ എത്തിക്കാമെന്ന പേരിൽ തട്ടിപ്പ്: 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്ഐടി റിപ്പോർട്ട്

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണ സംഘം വിപുലീകരിക്കുകയും 15 ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.

നികുതി വെട്ടിപ്പിന്റെ കണക്കുകൾ ഇങ്ങനെ

ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

ഐജിഎസ്ടി വെട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കളക്ഷൻ ഏജന്റ് വഴി കൈമാറിയ 126.04 കോടിക്ക് ‘റിവേഴ്സ് ചാർജ് മെക്കാനിസം’ പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്ടി കമ്പനി അടച്ചില്ല.

നിയമ ഫീസുകളിലെ വെട്ടിപ്പ്: വിദേശത്തെ വിവിധ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടി തുകയിൽ 34.15 ലക്ഷത്തിന്റെ നികുതി വെട്ടിച്ചു.

അനധികൃത ക്രെഡിറ്റ് കൈപ്പറ്റൽ:ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണം, ക്ലബ് മെംബർഷിപ്പ് ഫീസ് എന്നിവയുടെ മറവിൽ നിയമലംഘനം നടത്തി 2.75 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റി.

സ്റ്റേഡിയം നവീകരണത്തിലെ തുകയിലെ പൊരുത്തക്കേട്: കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവായെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും, ആർബിസി സമർപ്പിച്ച രേഖകളിൽ ഇത് 14.5 കോടിയാണ്. എന്നാൽ ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ മൂല്യനിർണയത്തിൽ യഥാർത്ഥ ചെലവ് 8.42 കോടി മാത്രമാണെന്ന് വ്യക്തമായി.

രഹസ്യ അക്കൗണ്ടുകളും കോടികളുടെ വിനിമയവും

ജിഎസ്ടി വകുപ്പിൽ ഒരു ബാങ്ക് അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് മറ്റ് 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. വിദേശത്ത് നിന്നുള്ള പരസ്യവരുമാനം എത്തിയ ഡോളർ അക്കൗണ്ട് ഉൾപ്പെടെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,098.56 കോടിയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകൾ വഴി നടന്നത്.

ബാങ്കുകളിൽ എത്തിയ 549.22 കോടിയിൽ, വായ്പയായ 212.75 കോടി കഴിച്ചുള്ള 336.47 കോടിയിൽ 102.06 കോടി മാത്രമാണ് ജിഎസ്ടി റിട്ടേണിൽ കാണിച്ചിട്ടുള്ളത്. ബാക്കി 234.31 കോടിക്ക് യാതൊരുവിധ കണക്കുകളുമില്ല. രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ കമ്പനിക്ക് പണം നൽകിയതിലും ദുരൂഹതയുണ്ട്.

ഉദ്യോഗസ്ഥർക്ക് വീഴ്ച; അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം

നികുതി ഈടാക്കുന്നതിൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നും നടപടികൾ വൈകിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ വിഷയത്തിൽ അനാവശ്യമായി ഇടപെട്ടതായി വ്യക്തമായിട്ടുണ്ട്.

2025 ഒക്ടോബർ 8-ന് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മീഷണർ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ വാക്കാൽ നിർദേശം നൽകിയതായും കണ്ടെത്തി. ഉയർന്ന ഉദ്യോഗസ്ഥരുടെ സംശയകരമായ മൗനത്തെക്കുറിച്ചും, ബാഹ്യ സമ്മർദങ്ങളെക്കുറിച്ചും അന്വേഷിക്കണം എന്ന് നിർദേശിച്ച എസ്ഐടി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും കേസ് അന്വേഷണം അടിയന്തരമായി മറ്റൊരു യൂണിറ്റിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശുപാർശ

റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം വേണമെന്ന് എസ്ഐടി ശുപാർശ ചെയ്തിട്ടുണ്ട്. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകളും രേഖകളും നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടുതൽ രേഖകൾ ഉടൻ കൈമാറുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*