അവസാനമില്ലാത്ത യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങണമെന്ന് റഷ്യന്‍ പ്രസിഡന്റിനോട് മോദി

ബിഷ്‌കെക്ക് (കിർഗിസ്താൻ): അവസാനമില്ലാത്ത യുദ്ധത്തിൽനിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ കിർഗിസ്താനിലെത്തിയപ്പോഴാണ് ഇരു നേതാക്കന്മാരും തമ്മിൽ കൂടിക്കാഴ്ച നടന്നത്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രൈൻ യുദ്ധവും യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധവും ആഗോള ഭൗമരാഷ്ട്രീയത്തിനും വിതരണശൃംഖലയ്ക്കും വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സമാധാനത്തിനുള്ള ആഹ്വാനം എന്നത് ശ്രദ്ധേയമാണ്.

‘യുക്രൈൻ വിഷയം നമ്മൾ തുടർച്ചയായി ചർച്ച ചെയ്യുന്നതാണ്. മുൻപ് നമ്മൾ കണ്ടപ്പോൾ വിഷയത്തിന്റെ സകലമാന വശത്തെയുംകുറിച്ച് താങ്കൾ എന്നോട് വിശദീകരിച്ചിരുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ, സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും, അത് തുടരുകയും ചെയ്യും. യുദ്ധത്തിനായി ചെലവിടുന്ന ഓരോദിവസവും മാനവികതയെ പിന്നോട്ടാക്കും. എന്നാൽ, സമാധാനത്തിനായി മുന്നോട്ടുവെക്കുന്ന ഓരോ ചുവടും പുതിയ പ്രതീക്ഷയും ഉത്സാഹവുംകൊണ്ട് നിറയും. അവസാനമില്ലാത്ത യുദ്ധങ്ങളിൽനിന്ന് യുദ്ധങ്ങളുടെ അവസാനത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്. ഇത് മനുഷ്യത്വത്തിന്റെ ക്ഷേമത്തിന് അനിവാര്യമാണ്. എത്രയുംവേഗം എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരം എന്നതാണ് മനുഷ്യത്വത്തിന്റെ ആഹ്വാനം, അതാണ് ഇന്ത്യയുടെ സന്ദേശം. ഗാന്ധിയുടെയും ബുദ്ധന്റെയും നാട് ഒരു സന്ദേശമാണ് പങ്കുവെക്കുന്നത്, സമാധാനത്തിന്റെ പാത. ഇന്ന് ഇക്കാര്യങ്ങളാണ് ഞാൻ താങ്കളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്’, മോദി പറഞ്ഞു.

ദേശീയതാത്പര്യത്തിനാണ് ഇന്ത്യയുടെയും റഷ്യയുടെയും പ്രഥമപരിഗണനയെന്നും മോദി കൂട്ടിച്ചേർത്തു. പുതിനെ കണ്ടതിൽ ഞാൻ അതീവ സന്തോഷവാനാണ്. കഴിഞ്ഞകൊല്ലത്തെ പുതിന്റെ ഇന്ത്യാസന്ദർശനം ഏറെ വിജയകരമായിരുന്നു. സാമ്പത്തികബന്ധങ്ങൾ കൂടുതൽ കരുത്താർജിച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണ് മുഴുവൻ ഇന്ത്യക്കാരും, മോദി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*