മൂന്ന് മാസത്തിനിടെ മൂന്നാമത്തെ ചൈനീസ് മെത്രാനെ നിയമിച്ച് ലെയോ പാപ്പ

വത്തിക്കാനും ചൈനീസ് സർക്കാരും തമ്മിലുള്ള ചരിത്രപരമായ താൽക്കാലിക കരാറിന്റെ ഭാഗമായി, ചൈനയിൽ പുതിയ മെത്രാനെ കൂടി നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാർപാപ്പ അംഗീകാരം നൽകുന്ന മൂന്നാമത്തെ ചൈനീസ് മെത്രാൻ നിയമനമാണിത്.

പാപ്പയുടെ നിയമനപ്രകാരം ഷാങ്സി പ്രവിശ്യയിലെ ദാതോങ് രൂപതയുടെ പുതിയ മെത്രാനായി ഫാദർ പോൾ ലിയു ഹോങ്ഗാംഗ് (Fr. Paolo Liu Honggang) ഓഗസ്റ്റ് 31 തിങ്കളാഴ്ച അഭിഷിക്തനായി. ഓഗസ്റ്റ് പത്തിനാണ് വത്തിക്കാൻ ഇദ്ദേഹത്തിന്റെ നിയമനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. കഴിഞ്ഞ 20 വർഷത്തിലധികമായി ദാതോങ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഫാദർ ലിയു. 1970-ൽ ജനിച്ച അദ്ദേഹം വൈദികനായ ശേഷം വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമും ബെയ്ജിംഗും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകുന്നു എന്നതിന്റെ സൂചനയാണ് ഈ തുടർച്ചയായ നിയമനങ്ങൾ. 2018-ൽ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് ചൈനയിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് സർക്കാരും തമ്മിൽ താൽക്കാലിക കരാറിൽ ഒപ്പുവച്ചത്. ചൈനീസ് ഭരണകൂടം നിർദേശിക്കുന്ന വൈദികരിൽ നിന്ന് മാർപാപ്പയ്ക്ക് അന്തിമ തീരുമാനമെടുക്കാൻ അനുവാദം നൽകുന്നതാണ് ഈ കരാർ.

ലെയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റ ശേഷവും ബെയ്ജിംഗുമായുള്ള സൗഹൃദപരമായ ഈ ചർച്ചകളും കരാറുകളും തുടരാൻ തന്നെയാണെന്ന വ്യക്തമായ സന്ദേശമാണ് പുതിയ നിയമനങ്ങളിലൂടെ വത്തിക്കാൻ നൽകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*