പോലീസ് കസ്റ്റഡിയിൽ നിന്ന് ട്രെയിലർ കടത്തിക്കൊണ്ടുപോയി; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷം പോലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ സ്പെയർ കീ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയ ഡ്രൈവർ തമിഴ്നാട്ടിൽ പിടിയിലായി. ഒഡീഷ സ്വദേശിയായ ഭുവനേശ്വർ മിശ്രയാണ് പിടിയിലായത്.

ഡാമാൻ ഡ്യു രജിസ്ട്രേഷനിലുള്ള ട്രെയിലർ തൃക്കാക്കരയിൽ വച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കുകയായിരുന്നു. കണ്ടൈനർ ഇറക്കി മടങ്ങി വരുകയായിരുന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടൻ തന്നെ ഡ്രൈവർ വാഹനം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ, പിടിച്ചെടുത്ത ട്രെയിലർ സീപോർട്ട് – എയർപോർട്ട് റോഡിൽ പാർക്ക് ചെയ്യുകയായിരുന്നു.

ഇത് മനസിലാക്കിയ ഡ്രൈവർ ഭുവനേശ്വർ മിശ്ര, വാഹനത്തിന്‍റെ സ്പെയർ കീയുമായി എത്തി ട്രെയിലർ ഓടിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള വാഹനം കാണാനില്ലെന്ന വിവരമറിഞ്ഞതോടെ ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് തമിഴ്നാട്ടിലെ സേലത്ത് വച്ച് ട്രെയിലറും ഒപ്പം പ്രതിയായ ഡ്രൈവറെയും പോലീസ് പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*