മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്ന് നടി പാർവതി തിരുവോത്ത്. ‘അമ്മ’ എന്ന സംഘടന ഇപ്പോൾ തന്റെ വിഷയമല്ലെന്നും എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിതമായ ഒരിടമായി ആ സംഘടനയെ തോന്നിയിട്ടില്ലെന്നും പാർവതി തുറന്നടിച്ചു. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് പരോക്ഷ പിന്തുണ നൽകുന്ന തരത്തിലാണ് പാർവതി അഭിമുഖത്തിൽ സംസാരിച്ചത്.
സംഘടനയെ ആളുകൾ ഇപ്പോൾ ഗൗരവത്തിൽ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് പാർവതി പറഞ്ഞു. ഒരു വലിയ കുടുംബം എന്നൊക്കെയുള്ള ചട്ടക്കൂടുകൾ അങ്ങനെയല്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. 25 വർഷമായി ഭാരവാഹികളായി ഇരിക്കുന്നവർക്ക് അതിന്റേതായ പരിചയസമ്പത്തുണ്ടാകും, എന്നാൽ പുതിയ ആളുകൾക്ക് ഭരണസമിതിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ മതിയായ സമയം പോലും നൽകുന്നില്ലെന്ന് താരം വിമർശിച്ചു.
ഡബ്ല്യു.സി.സിയും (WCC) താനും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ചർച്ചകൾക്ക് എപ്പോഴും തയ്യാറായിരുന്നുവെങ്കിലും സംഘടന ആ നിർദ്ദേശങ്ങൾ ഒരിക്കലും ഗൗരവമായി കണ്ടിട്ടില്ലെന്ന് പാർവതി ചൂണ്ടിക്കാട്ടി. ഇപ്പോൾ സംഘടനയുടെ ഭാഗമാകാൻ തനിക്ക് യാതൊരു താല്പര്യവുമില്ല. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ തന്നെ സുരക്ഷിതയായി ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെന്നും എല്ലാവരെയും ബഹുമാനിക്കുന്ന ഒരു അന്തരീക്ഷം അവിടെ ഇല്ലാത്തതിനാൽ ഇനി അതിന്റെ ആവശ്യകത തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

Be the first to comment