ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ തിരിച്ചറിയാത്ത വസ്തു വന്ന് പതിക്കുകയായിരുന്നു. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് കനത്ത നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കപ്പലിലെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തതായാണ് വിവരം. പരിക്കേറ്റ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒമാൻ തീരത്തിന് സമീപത്തുവെച്ചാണ് പ്രകോപനമില്ലാത്ത ഈ അപ്രതീക്ഷിത ആക്രമണം നടന്നത്. കടലിൽ കുടുങ്ങിയ കപ്പലിലെ മറ്റ് ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ആക്രമണത്തെ തുടർന്ന് കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഒമാൻ അധികൃതരും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഏത് രാജ്യമാണെന്നോ ഏത് സംഘടനയാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രദേശത്തു കൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ കടുത്ത സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ഇത് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാനെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ ആക്രമണം ശക്തമായിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*