ക്യൂബൻ ജനസംഖ്യയുടെ 94 ശതമാനവും അതിദരിദ്രരെന്ന് റിപ്പോർട്ട്

ക്യൂബയിലെ 94 ശതമാനം ജനങ്ങളും അതിദരിദ്ര അവസ്ഥയിലാണ് ജീവിക്കുന്നത്. പത്തിൽ എട്ടുപേർ വീതം ദിവസത്തിൽ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാൻ നിർബന്ധിതരാകുന്നു, കൂടാതെ 95% ആളുകളും സർക്കാരിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ എതിർക്കുന്നു. ഓഗസ്റ്റ് 13-ന് പുറത്തുവിട്ട ‘ക്യൂബയിലെ സാമൂഹിക അവകാശങ്ങളെക്കുറിച്ചുള്ള പഠനം’ (IX Study on Social Rights in Cuba) നൽകുന്ന വിവരങ്ങളാണിത്.

എന്നാൽ, ഈ സ്ഥിതിവിവരക്കണക്കുകൾക്ക് പിന്നിൽ, അടുത്ത ദിവസം എന്ത് കഴിക്കുമെന്ന് അറിയാത്ത മനുഷ്യരുടെ ജീവിതങ്ങളുണ്ട്. മരുന്നുകൾ ലഭിക്കാത്ത രോഗികളും, വിദേശത്തുനിന്ന് ലഭിക്കുന്ന സഹായം കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്ന കുടുംബങ്ങളുമുണ്ട്.

കമാഗ്വേയിൽ നിന്നുള്ള എഴുത്തുകാരനും കത്തോലിക്കാ വിശ്വാസിയുമായ ഓസ്വാൾഡോ ഗല്ലാർഡോ അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണെങ്കിലും, ദ്വീപിൽ കഴിയുന്ന കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിരന്തരം ബന്ധപ്പെടാറുണ്ട്. ഒരു മതസ്വാതന്ത്ര്യ പ്രവർത്തകൻ എന്ന നിലയിൽ, ക്യൂബയിൽ സഹിക്കാൻ കഴിയാത്തവിധം ദുഷ്കരമായിക്കൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

“എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത് ക്യൂബയിലുള്ള എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദിവസേന അനുഭവിക്കുന്ന അതിരറ്റ സങ്കടവും, തകർന്ന പ്രതീക്ഷകളും, ജീവിതത്തോടുള്ള വിമുഖതയും, അങ്കലാപ്പുമാണ്,” ഗല്ലാർഡോ പറഞ്ഞു.

രാജ്യത്തെ 15 പ്രവിശ്യകളിലും ഇസ്ലാ ഡി ലാ യുവെന്റുഡ് (Isla de la Juventud) എന്ന പ്രത്യേക മുനിസിപ്പാലിറ്റിയിലുമായി നടത്തിയ 1,318 അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം, ഭക്ഷണം, ആരോഗ്യം, പാർപ്പിടം, പൊതുസേവനങ്ങൾ തുടങ്ങിയ അടിസ്ഥാന മേഖലകളിലെ കടുത്ത തകർച്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. സർവേയിൽ പങ്കെടുത്ത 68% കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 20,000 ക്യൂബൻ പെസോയിൽ (ഏകദേശം 30 ഡോളർ) താഴെയാണ്. കൂടാതെ, പണമില്ലാത്തതിനാലോ ഭക്ഷണക്ഷാമം മൂലമോ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം ഇവയിൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കേണ്ടി വന്നതായി 80% ആളുകളും പ്രസ്താവിച്ചു.

വൈദ്യുതി മുടങ്ങുന്നതാണ് ജനങ്ങൾ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന പ്രശ്നം (70%), ഭക്ഷ്യപ്രതിസന്ധി (52%), ജീവിതച്ചെലവ് (45%), മരുന്നുകളുടെ ലഭ്യതക്കുറവ് എന്നിവ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ രംഗത്തെ തകർച്ച (34%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള പ്രശ്നങ്ങൾ. ദ്വീപിൽ കഴിയുന്നവരുമായി സംസാരിച്ചതിലൂടെ മാത്രം സ്ഥിരീകരിച്ച കാര്യങ്ങളാണ് ഈ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നതെന്നും ഗല്ലാർഡോ പറയുന്നു.

പഠനത്തിലെ ഏറ്റവും ആശങ്കാജനകമായ ഒരു കണ്ടെത്തൽ ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. മുൻവർഷത്തെ 70 ശതമാനത്തിൽ നിന്ന് വർധിച്ച്, ഇപ്പോൾ 80% ക്യൂബക്കാരും ദിവസത്തിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. പങ്കെടുത്ത 63% ആളുകളും ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടുകയാണ്. അതേസമയം 30% ആളുകളുടെ വരുമാനം അടിസ്ഥാന ആവശ്യങ്ങൾ ഭാഗികമായി മാത്രം നിറവേറ്റാൻ പാകത്തിലുള്ളതാണ്. മൊത്തത്തിൽ, പത്തിൽ ഒൻപത് ക്യൂബൻ കുടുംബങ്ങളും ജീവൻ നിലനിർത്താൻ കഠിനമായി പോരാടുകയാണ്.

95% ആളുകളും വൈദ്യുതി വിതരണം മോശമാണെന്ന് അഭിപ്രായപ്പെടുന്നു. മാലിന്യ ശേഖരണത്തിന് 87% നെഗറ്റീവ് റേറ്റിംഗാണ് ലഭിച്ചത്. ഇന്റർനെറ്റ്-ടെലിഫോൺ സേവനങ്ങളിലെ അതൃപ്തി 86-ഉം, കുടിവെള്ള-മലിനജല സംവിധാനങ്ങളിൽ 84-ഉം, ആശുപത്രികളുടെ പ്രവർത്തനത്തിൽ 82-ഉം ശതമാനമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*