കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക താരിഫ് നടപ്പാക്കുന്നത് അമേരിക്ക നീട്ടി

കാനഡയില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഓഗസ്റ്റ് 21 വരെ അമേരിക്ക താല്‍ക്കാലികമായി മാറ്റിവെച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുവരുന്ന വ്യാപാര ചര്‍ച്ചകളില്‍ അനുകൂലമായ പുരോഗതിയുണ്ടായ പശ്ചാത്തലത്തിലാണ് ഈ നീക്കം. 1930 ലെ യു.എസ് താരിഫ് ആക്റ്റിലെ സെക്ഷന്‍ 338 പ്രകാരമായിരുന്നു നികുതി വര്‍ധനവ് നടപ്പിലാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ ഭരണകൂടവുമായി തീവ്രമായ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. വ്യാപാര ചര്‍ച്ചകളില്‍ നിര്‍ണായക മുന്നേറ്റം കൈവരിക്കാനായെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇനിയും ധാരണയാകാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ കര്‍ഷകര്‍ക്കും വ്യവസായ മേഖലക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.

താരിഫ് ഭീഷണി പൂര്‍ണ്ണമായി ഒഴിവായിട്ടില്ലെങ്കിലും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ രാജ്യത്തിനുള്ളില്‍ ശക്തവും സ്വതന്ത്രവുമായ ഒരു സാമ്പത്തിക അന്തരീക്ഷം വളര്‍ത്തിയെടുക്കാനാണ് കാനഡ ശ്രമിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു. നിലവിലെ ധാരണ പ്രകാരം ഓഗസ്റ്റ് 21 ന് അവസാനത്തോടെയാകും താരിഫ് വിഷയത്തില്‍ അമേരിക്കയുടെ അന്തിമ നിലപാട് ഉണ്ടാകുക.

Be the first to comment

Leave a Reply

Your email address will not be published.


*