കൊച്ചി: ഓണക്കാലം കൊച്ചി നഗരത്തിന് നല്‍കുന്നത് മറ്റൊരു നിറമാണ്. തിരക്കേറിയ റോഡുകളും ഓഫീസുകളും ഫ്ലാറ്റുകളും വ്യാപാര കേന്ദ്രങ്ങളും ഓണത്തിന്റെ ആഘോഷച്ചൂടിലേക്ക് മാറും. പൂക്കളും ഓണക്കോടിയും സദ്യയും വിപണി തിരക്കുകളുമൊക്കെയായി നഗരം ഉത്സവലഹരിയിലാകും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെ കൊച്ചിയില്‍ ഓണാഘോഷത്തിന് തുടക്കമായിരിക്കുകയാണ്.
ഇതോടെ നഗരത്തില്‍ ഓണത്തിരക്കും വര്‍ധിച്ചു. അതിനാല്‍ തന്നെ നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ആവശ്യത്തിന് പൂക്കള്‍ കണ്ടെത്തി വാങ്ങുക പലര്‍ക്കും വലിയ ജോലിയാണ്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ് പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളും വെബ്സൈറ്റുകളും. തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്.
പൂവുണ്ടോ.കോം (poovundo.com), ഇന്‍സ്റ്റാമാര്‍ട്ട് (Instamart), സെപ്റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit) തുടങ്ങിയ ആപ്പുകളിലും വെബ്സൈറ്റുകളിലും പൂ വില്‍പ്പന തകര്‍ക്കുകയാണ്. ഓണക്കാലത്ത് പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. സാധാരണ പൂക്കച്ചവട കേന്ദ്രങ്ങളില്‍ പോയി ഓരോ ഇനവും തിരഞ്ഞെടുത്ത് വാങ്ങുന്നതിനു പകരം ആവശ്യമായ പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് ലഭ്യമാക്കുകയാണ് പൂവുണ്ടോ.കോം ലക്ഷ്യമിടുന്നത്.
കൊച്ചി നഗരത്തില്‍ മാത്രമാണ് പൂവുണ്ടോ.കോം പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ ഏത് കോണിലാണെങ്കിലും പൂവുണ്ടോ.കോമില് ആവശ്യത്തിനുള്ള പൂക്കളും ഡെലിവറി ചെയ്യേണ്ട ഡേറ്റും സമയവും സബ്മിറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ കൃത്യസമയത്ത് തന്നെ പൂക്കള്‍ കയ്യിലെത്തും. വാട്സാപ്പില്‍ മെസേജ് അയച്ചാലും പൂവുണ്ടോ.കോമില് നിന്നും പൂക്കള്‍ വാങ്ങാം.
ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നീ ആപ്പുകളില്‍ നിന്നും ആവശ്യാനുസരണം പൂക്കള്‍ വാങ്ങാം. ചെണ്ടുമല്ലി, ജമന്തി, വാടാര്‍മല്ലി, അരളി, റോസ് എന്നീ പ്രകൃതിദത്ത പൂക്കള്‍ എല്ലാ ആപ്പുകളിലും ലഭ്യമാണ്. നേരിട്ട് വിപണിയിലെത്തി പൂക്കള്‍ വാങ്ങാന്‍ സമയമില്ലാത്ത നഗരവാസികള്‍ക്ക് ഓണ്‍ലൈന്‍ സേവനം സൗകര്യപ്രദമായ വഴിയാകുകയാണ്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷം ഓര്‍ഡര്‍ ചെയ്യുന്നതിനു പകരം നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
ഡെലിവറി ഏരിയ, ലഭ്യമായ പൂക്കളുടെ ഇനം, അളവ്, വില, ഡെലിവറി ാര്‍ജ് എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുകയും വേണം. പരമ്പരാഗത പൂക്കച്ചവടത്തിന്റെ തിരക്കും പൂക്കളത്തിന്റെ ആവേശവും നിലനില്‍ക്കുമ്പോഴും അതിനൊപ്പം ഡിജിറ്റല്‍ സൗകര്യവും ചേരുകയാണ് കൊച്ചിയിലെ ഈ ഓണക്കാലത്ത്. വിരല്‍ത്തുമ്പിലെ ഏതാനും ക്ലിക്കുകളിലൂടെ പൂക്കള്‍ വീട്ടിലെത്തുമ്പോള്‍ നഗര ജീവിതത്തിലും ഓണത്തിന്റെ പൂവിളിക്ക് പുതിയൊരു വഴിയാണ് തുറക്കുന്നത്.

Be the first to comment