മന്ത്ര രാമായണ മാസാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു

സനാതന ധർമ്മത്തിന്റെ മഹത്തായ ജീവിതമൂല്യങ്ങളും രാമായണത്തിന്റെ തത്ത്വസന്ദേശവും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ MANTRAH സംഘടിപ്പിച്ച രാമായണ മാസാചരണം വിവിധ ആത്മീയ-പഠന പരിപാടികളോടെ ഭക്തിസാന്ദ്രമായി സമാപിച്ചു.

ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ അനുഗ്രഹപ്രഭാഷണത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമായത്. തുടർന്ന് ഒരു മാസക്കാലം രാമായണ പാരായണം, ചർച്ചകൾ, വ്യാഖ്യാനങ്ങൾ, ആശയസംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. MANTRAH ജനറൽ സെക്രട്ടറി ശ്രീ. ഉണ്ണി തൊയക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ശ്രീമതി രഞ്ജിനി നായർ, കാനഡ ഏകോപിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് ഒരുമിച്ച് രാമായണ പാരായണത്തിലും ചർച്ചകളിലും പങ്കുചേരാൻ അവസരമൊരുക്കിയത് മാസാചരണത്തിന്റെ പ്രത്യേകതയായി.

സമാപന സമ്മേളനത്തിൽ ബ്രഹ്മശ്രീ കിഴക്കേടം ഹരി നാരായണൻ ജിയുടെ പ്രഭാഷണവും സത്സംഗവും പങ്കെടുത്തവർക്ക് വേറിട്ട ആത്മീയാനുഭവമായി. രാമായണ മാസാചരണത്തിന്റെ വിജയം പങ്കാളിത്തത്തിന്റെ എണ്ണത്തിലല്ല, രാമായണ തത്ത്വത്തിന്റെ ഊർജ്ജം പങ്കെടുത്ത ഓരോ വ്യക്തിയിലേക്കും എത്രത്തോളം എത്തിക്കാൻ സാധിച്ചു എന്നതിലായിരിക്കണം വിലയിരുത്തേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കെടുക്കുന്നവരുടെ മനസ്സിലേക്ക് രാമായണത്തിന്റെ തത്ത്വവും ധാർമ്മിക സന്ദേശവും ആഴത്തിൽ എത്തിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ധർമ്മത്തിന്റെ വഴിയിലൂടെ ജീവിതത്തെ നയിച്ച ശ്രീരാമന്റെ മഹത്തായ സന്ദേശമാണ് രാമായണം. സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ശ്രീരാമന്റെ ജീവിതാദർശങ്ങളും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും പകർന്നു നൽകുന്നതിനായി MANTRAH-ന് തങ്ങളാൽ കഴിയുന്ന പങ്ക് നിർവഹിക്കാൻ സാധിക്കുന്നു എന്നത് വലിയ നേട്ടമായാണ് കാണുന്നത്,” എന്ന് MANTRAH പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

രാമായണം കേവലം പാരായണത്തിൽ ഒതുങ്ങാതെ, അതിന്റെ തത്ത്വവും ധർമ്മബോധവും ജീവിതത്തിലേക്ക് പകർത്താനുള്ള പ്രചോദനമായി മാറണമെന്ന സന്ദേശത്തോടെയാണ് ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടികൾക്ക് സമാപനമായത്.

ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഏവരുടെയും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

Be the first to comment

Leave a Reply

Your email address will not be published.


*