ഇടുക്കി: എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ മകന്റെ അമിത ലഹരി ഉപയോഗം. ഇന്നലെ പ്രതിയെ പോലീസ് പിടികൂടുമ്പോഴും ഇയാള്‍ ലഹരിയിലായിരുന്നു. പരസ്പര വിരുദ്ധമായാണ് പ്രതി പോലീസിനോടു സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.
എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന് എന്നു വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50 എന്നിവരെയാണ് ഇന്നലെ രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ മകന് അജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം. കാലങ്ങളായി പ്രതി ലഹരിക്കടിമയായിരുന്നെന്നാണ് വിവരം. മാതാപിതാക്കള്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കു പതിവായിരുന്നു.
ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ നാട്ടുകാര്‍ ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു.
പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. അച്ഛനെയും അമ്മയെയും ദൈവസന്നിധിയിലേക്ക് അയയ്ക്കാനാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. സംഭവം സമയം വീട്ടില്‍ കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും ഉണ്ടായിരുന്നു. കൊല നടന്ന വീട്ടില്‍ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

Be the first to comment