കാസർഗോഡ്: ഡിസംബറിൽ വിവാഹം നടക്കേണ്ടിയിരുന്ന എസ്ബിഐ ജീവനക്കാരായ പ്രതിശ്രുതവധൂവരന്മാർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് വീട്ടുകാർ. “അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല,”-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത അനുശ്രീയുടെ അച്ഛൻ ചന്ദ്രൻ കണ്ണീരോടെ പറയുന്നു.
വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ അമൽ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും എല്ലാവരോടും സ്നേഹപൂർവമാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടുപേർക്കുമിടയിൽ ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമലും കാഞ്ഞങ്ങാട് പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി. അനുശ്രീയുമാണ് (25) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരും അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമൽ എറണാകുളത്തെ ലോഡ്ജിലുമാണ് ജീവനൊടുക്കിയത്.
എല്ലാ ദിവസവും രാവിലെയും രാത്രിയും വീട്ടിലേക്ക് വിളിക്കുന്ന പതിവുണ്ടായിരുന്ന അനുശ്രീ, ചൊവ്വാഴ്ച രാത്രി പത്തരയോടെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ പിറ്റേന്ന് ബുധനാഴ്ച രാവിലെ അനുശ്രീ ഫോണെടുക്കുന്നില്ലെന്ന് കാണിച്ച് അമലാണ് ചന്ദ്രനെ വിളിച്ചറിയിച്ചത്. തുടർന്ന് അനുശ്രീയുടെ വീട്ടുകാർ ഹുൻസൂരിലെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
“അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമൽ പറഞ്ഞിരുന്നു,” എന്ന് ചന്ദ്രൻ ഓർക്കുന്നു. ഹുൻസൂരിൽനിന്നുള്ള ദുർവാർത്ത അറിഞ്ഞ ഉടൻ ചന്ദ്രൻ അമലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ചന്ദ്രൻ അമലിന്റെ വീട്ടുകാരെ വിവരമറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ സുഹൃത്തുക്കൾ ലോഡ്ജിൽ ചെന്ന് നോക്കിയപ്പോഴാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Be the first to comment