ഇടുക്കി: പാമ്പാടുംപാറയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കാപ്പിത്തോട്ടത്തിലെ കുളത്തിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കോടതി. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്.
കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ മാത്യു ദേവസ്യ (തങ്കച്ചൻ – 63) ആണ് കുറ്റക്കാരനെന്ന് ജഡ്ജി സനു എസ്. പണിക്കർ വിധിച്ചത്. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം 18-ന് പ്രഖ്യാപിക്കും.
2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തോട്ടത്തിലെ തൊഴിലാളിയായ യുവതിയും മാത്യു ദേവസ്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് യുവതി ഗർഭിണിയായി. മാത്യുവിന് ഭാര്യയും കുട്ടികളുമുള്ളതിനാൽ, യുവതി പ്രസവിച്ചാൽ തന്റെ കുടുംബജീവിതം തകരുമെന്നും സമൂഹത്തിലെ സത്പേരിന് കളങ്കമുണ്ടാകുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവദിവസം ജോലിക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ മാത്യു പാമ്പാടുംപാറ ആനകുത്തിഭാഗത്തേക്ക് വിളിച്ചുവരുത്തി. കട്ടപ്പനയിൽനിന്ന് നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയറും പടുതയും ഉപയോഗിച്ച് കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ചാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തിൽ താഴ്ത്തുകയായിരുന്നു. യുവതി തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ പ്രതി മാത്യു ദേവസ്യ വിഷം കഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.
ജനുവരി 14-ന് തോട്ടത്തിലെ കുളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി തൊഴിലാളികൾ വണ്ടൻമേട് പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെയും പൊക്കിൾക്കൊടി അറ്റുപോകാത്ത ശിശുവിന്റെയും ജഡങ്ങൾ കണ്ടെത്തുകയായിരുന്നു.

Be the first to comment