ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടി നാം ബോധവാന്മാരാകണം.

1947 ഓഗസ്റ്റ് 14 അർധരാത്രി. കൊളോണിയൽ ഭരണത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ കേട്ടത്. ‌

ചമ്പാരൻ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ എണ്ണമറ്റ സഹനസമരങ്ങൾ. എത്രയെത്ര ദേശസ്നേഹികളുടെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടേയും ചെറുത്തുനിൽപിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.

സ്വാതന്ത്രാനന്തരഭാരതത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. വിഭജനത്തിന്റെ മുറിവുകളും അടിയന്തരാവസ്ഥയും ചരിത്രത്തിലെ കറുത്ത ദിനങ്ങളായി. എന്നാൽ പിന്നീടിങ്ങോട്ട് രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറി. ശാസ്ത്രസാങ്കേതികരംഗത്തും ബഹിരാകാശ ഗവേഷണത്തിലും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യ കുതിച്ചു. എന്നാൽ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം വെല്ലുവിളികളെപ്പറ്റി നാം ബോധവാന്മാരാകുക കൂടി വേണം. സുസ്ഥിരവും സ്വയംപര്യാപ്തവുമായ വികസിതഭാരതമാകണം നമ്മുടെ സ്വപ്നം. ഐക്യവും ഒരുമയുമാകണം വളർച്ചയിലേക്കുള്ള നമ്മുടെ വഴികാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*