കീവ്: യുക്രെയ്നിൽ നിന്ന് കൂറുമാറിയ അന്തർവാഹിനി കമാൻഡറെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയത് റഷ്യൻ ലൈംഗികത്തൊഴിലാളി. കേസിൽ മാർഗരിറ്റ റൂട്ടിനെ (32) രണ്ട് മാസത്തേക്ക് റിമാൻഡ് ചെയ്തു. തീവ്രവാദ കുറ്റം ചുമത്തിയാണ് മാർഗരിറ്റയുടെ അറസ്റ്റ് റഷ്യൻ അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മാർഗരിറ്റ ചവറ്റുകുട്ടയിൽ ബോംബ് ഒളിപ്പിച്ചാണ് റോബർട്ട് ഷാഗീവ് (49) എന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
യുക്രെയ്നിലെ ക്രൈമിയിലെ സെവാസ്റ്റോപോളിലാണ് സംഭവം നടന്നത്. 2014ൽ യുക്രെയ്നിന്റെ സപോരിജിയ എന്ന ഒരേയൊരു അന്തർവാഹിനിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന റോബർട്ട് ഷാഗീവ് റഷ്യ ക്രൈമിയ കീഴടക്കിയതോടെ കൂറുമാറി. പിന്നാലെ രാജ്യദ്രോഹിയായിട്ടാണ് റോബർട്ടിനെ യുക്രെയ്ൻ പരിഗണിച്ചിരുന്നത്.
കുറ്റം തെളിഞ്ഞാൽ മാർഗരിറ്റിന് 30 വർഷത്തിലേറെ കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കൃത്യത്തിൽ മാർഗരിറ്റ് യാതൊരു വിധ കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യാരോസ്ലാവിൽ ജനിച്ച മാർഗരിറ്റ് മുമ്പ് ഒരു ട്രാവൽ ഏജൻസി നടത്തിയിരുന്നു. അത് നഷ്ടത്തിലായതോടെ ബയോളജിസ്റ്റായി ജോലി നോക്കി. മാത്രമല്ല ഇവർ ലൈംഗികത്തൊഴിലാളിയായി ചില വെബ്സൈറ്റുകളിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ എങ്ങനെയാണ് യുക്രെയ്ൻ ഇന്റലിജൻസ് ഏജന്റായും ബോംബർ ആയും റിക്രൂട്ട് ചെയ്തുവെന്ന് വ്യക്തമല്ല

Be the first to comment