ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പോളണ്ടിൽ രജിസ്റ്റർ ചെയ്ത ബസ് മെസോകെറെസ്റ്റെസ് നഗരത്തിന് സമീപം എം3 മോട്ടോർവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു.
നൈറെജിഹാസ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞതായി ഹംഗറി പൊലീസ് അറിയിച്ചു. അപകടസമയത്ത് ബസിൽ 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും കൂടുതലും പോളിഷ് പൗരന്മാരാണെന്നാണ് വിവരം.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഗുരുതരമായി തകർന്ന ചുവപ്പ് നിറത്തിലുള്ള ബസ് ഒരു വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും ബസിന്റെ ജനലുകൾ തകർന്നതും യാത്രക്കാരുടെ സാധനങ്ങളും സ്യൂട്ട്കേസുകളും റോഡരികിൽ ചിതറിക്കിടക്കുന്നതും കാണാം.
അപകടത്തിൽ 12 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Be the first to comment