ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചു. പ്രധാനമന്ത്രി പതാക ഉയർത്തിയതിന് പിന്നാലെ കരസേനാ ബാൻഡ് വന്ദേമാതരം വായിക്കുകയും, തുടർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുകയുമായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് ഈ ചരിത്രമുഹൂർത്തം.
തദ്ദേശീയമായി നിർമിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ഗൺ സല്യൂട്ടോടെയാണ് പതാക ഉയർത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയുമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ദേശീയഗാനത്തിന് സമാനമായ നിയമപരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് ദിവസങ്ങൾക്ക് മുൻപാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്.

Be the first to comment