ബുക്കാറസ്റ്റ്: റുമാനിയൻ ആകാശത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഡ്രോണിനെ നാറ്റോ എയർ പോലീസിംഗിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടു. ഡ്രോൺ എതു രാജ്യത്തിന്റേതാണെന്നു റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയില്ല. അയൽരാജ്യമായ മോൾഡോവയിൽനിന്നാണു ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചത്.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ അയച്ച ഡ്രോൺ ആയിരിക്കാം ഇതെന്നു കരുതുന്നു. യുക്രെയ്നുമായി റുമാനിയയ്ക്ക് 614 കിലോമീറ്റർ അതിർത്തിയുണ്ട്. നാറ്റോയുടെ ഭാഗമായി റുമാനിയയിൽ വിന്യസിച്ചിരിക്കുന്ന സ്പാനിഷ് സേനയുടെ എഫ്-18 യുദ്ധവിമാനമാണു ഡ്രോണിനെ വീഴ്ത്തിയത്.
യുക്രെയ്നു നേർക്ക് റഷ്യ തൊടുക്കുന്ന ഡ്രോണുകൾ റുമാനിയയിലും മറ്റ് അയൽ രാജ്യങ്ങളിലും പ്രവേശിക്കാറുണ്ട്. കഴിഞ്ഞമാസം റുമാനിയൻ ആകാശത്തു പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു.

Be the first to comment