ബംഗളുരുവിൽ വീടിന് മുന്നിലെ പൊതുറോഡിൽ കാർ പാർക്ക് ചെയ്യുന്നതിന് നഗരത്തിലെ താമസക്കാർ ഇനി പ്രതിവർഷം കുറഞ്ഞത് 15,000 രൂപ ഫീസ് നൽകേണ്ടി വന്നേക്കും. റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് ഈടാക്കാൻ കോർപ്പറേഷനുകളെ അനുവദിക്കുന്ന ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിങ്) റൂൾസ്, 2026’ന്റെ കരട് സർക്കാർ അടുത്തിടെ പുറത്തിറക്കി. വാഹനത്തിന്റെ തരത്തിനനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക. പരമാവധി 25,000 രൂപ വരെ ഫീസ് ഈടാക്കാനും വ്യവസ്ഥയുണ്ട്.
എന്നാൽ ഫീസ് നൽകാൻ തയ്യാറായാലും എല്ലാവർക്കും പാർക്കിങ് പെർമിറ്റ് ലഭിക്കണമെന്നില്ല. കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നാണ് കരടിലെ വ്യവസ്ഥ.
“കെട്ടിട നിർമാണ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ള കുറഞ്ഞ പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് അനുവദിക്കൂ. ഓരോ വാഹനത്തിനും അതിന്റെ രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ച വ്യക്തിക്കുമാണ് പെർമിറ്റ് അനുവദിക്കുക,” കരട് രേഖയിൽ പറയുന്നു.
കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ച്, വീട്ടുടമകളുടെയും വാടകക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാവശ്യമായ മതിയായ സൗകര്യം കെട്ടിടത്തിന്റെ സ്വന്തം പരിസരത്ത് തന്നെ ഒരുക്കണമെന്ന് കെട്ടിട ഉടമകളോട് കരട് രേഖ നിർദേശിക്കുന്നു.
നഗരത്തിലെ പൊതുപാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതും പാർക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതുമാണ് കരട് രേഖ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി റോഡരികിലെ പാർക്കിങ് (ഓൺ-സ്ട്രീറ്റ് പാർക്കിങ്) ആസൂത്രണം ചെയ്യുന്നതിനൊപ്പം റോഡിന് പുറത്തുള്ള പാർക്കിങ് (ഓഫ്-സ്ട്രീറ്റ് പാർക്കിങ്) സൗകര്യങ്ങൾ വർധിപ്പിക്കാനും നിർദേശമുണ്ട്.
പാർപ്പിട മേഖലകളിലും മറ്റ് മേഖലകളിലും റോഡരികിലെ പാർക്കിങ് നിയന്ത്രിക്കുന്നതിനും കരട് രേഖ വ്യവസ്ഥ ചെയ്യുന്നു. പാർപ്പിടേതര മേഖലകളിൽ നഗരസഭകൾ ഓൺ-സ്ട്രീറ്റ് പാർക്കിങ് സോണുകൾ നിശ്ചയിക്കും. ഇത്തരം പാർക്കിങ് മേഖലകളിലെ എല്ലാ പാർക്കിങ് സൗകര്യങ്ങളും പണം നൽകി ഉപയോഗിക്കേണ്ടതായിരിക്കും.
സൈക്കിളുകൾക്കും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകൾക്കും ഒഴികെ പൊതുപാർക്കിങ് കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കില്ലെന്ന് കരട് ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. തിരക്കേറിയ പ്രധാന പാതകളിൽ വാഹനഗതാഗതത്തിനായി നിശ്ചയിച്ചിട്ടുള്ള റോഡിന്റെ പ്രധാന ഭാഗത്ത് പാർക്കിങ് പൂർണമായും നിരോധിക്കും. തിരഞ്ഞെടുത്ത ചില പ്രധാന പാതകളിൽ തിരക്കേറിയ സമയങ്ങളിൽ മാത്രമായിരിക്കും പാർക്കിങ് നിരോധനം.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സിഗ്നൽ സംവിധാനമുള്ള പ്രധാന, ഉപപ്രധാന റോഡുകളിലെ ജംഗ്ഷനുകളിൽനിന്ന് കുറഞ്ഞത് 100 മീറ്റർ പരിധിയിൽ പാർക്കിങ് അനുവദിക്കില്ല. മറ്റ് റോഡുകളിലെ ജംഗ്ഷനുകളിൽനിന്ന് കുറഞ്ഞത് 50 മീറ്റർ പരിധിയിലും പാർക്കിങ് നിരോധിക്കും.
ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ, മെട്രോ, സബർബൻ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങൾ എന്നിവയുടെ ഇരുവശത്തും 25 മീറ്റർ പരിധിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിലക്കുണ്ടാകും. തിരക്കേറിയ സമയങ്ങളിലും ദീർഘനേരത്തേക്കും ഉയർന്ന പാർക്കിങ് ഫീസ് ഈടാക്കി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും കരട് ചട്ടങ്ങൾ ലക്ഷ്യമിടുന്നു.
പ്രാദേശിക പാർക്കിങ് പദ്ധതികൾ തയാറാക്കുന്നത് നിരീക്ഷിക്കുന്നതിനും പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നതിനുമായി കോർപ്പറേഷനുകൾ ‘പാർക്കിങ് ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിക്കും.
ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, 1988ലെ മോട്ടോർ വാഹന നിയമപ്രകാരം (1988ലെ കേന്ദ്ര നിയമം 59) പാർക്കിങ് ചട്ടങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും വാഹനങ്ങൾ കെട്ടിവലിച്ച് നീക്കാനും (ടോ ചെയ്യാനും) ക്ലാംപ് ചെയ്യാനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ബെംഗളൂരു ട്രാഫിക് പൊലീസിന് (ബിടിപി) അധികാരം ലഭിക്കും.
സാധുവായ റെസിഡൻഷ്യൽ പാർക്കിങ് സ്റ്റിക്കർ പതിച്ചിട്ടുള്ളതും അനുമതിയുള്ളതുമായ വാഹനങ്ങൾക്കു മാത്രമേ തെരുവിൽ പാർക്കിങ് അനുവദിക്കൂ എന്ന് ഉറപ്പാക്കുന്നതിലൂടെ പാർക്കിങ് അച്ചടക്കം പാലിക്കുന്നതിനും ട്രാഫിക് പൊലീസ് നടപടിയെടുക്കും.

Be the first to comment