‘നടന്ന് വന്ന താമിറിനെ ചുമന്ന് കൊണ്ടു പോകുന്ന പൊലീസ്’; കസ്റ്റഡി കൊപാതകത്തിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. താമിര്‍ ജിഫ്രി കൊല്ലപ്പെട്ട രാത്രിയിലെ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. താമിര്‍ ജിഫ്രിയെയും സംഘത്തെയും പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നടന്ന് കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കയറിയ താമിര്‍ ജിഫ്രിയെയും സംഘത്തെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം താമിര്‍ ജിഫ്രിയെ ചുമന്ന് കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി ജീപ്പില്‍ കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ താമിര്‍ ജിഫ്രിയെ ജീപ്പില്‍ കയറ്റിയിട്ടും ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിപ്പിച്ചതിന്റെ തെളിവും സിസിടിവിയില്‍ നിന്നും ലഭിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന താമിര്‍ ജിഫ്രിയെ കയറ്റിയ ജീപ്പ് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് സ്റ്റേഷനില്‍ നിന്നും വിടുന്നത്. പുലര്‍ച്ചെ 04.18ന് താമിര്‍ ജിഫ്രിയെ കയറ്റിയ ജീപ്പ് 04.23നാണ് സ്റ്റേഷന്‍ വിടുന്നത്. കുടുംബം മൂന്ന് വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോള്‍ സ്‌റ്റേഷന് പുറത്തെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ തരാതിരുന്നത് ഈ കള്ളത്തരം പിടിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്ന് ഹാരിസ് പറഞ്ഞു. സ്‌റ്റേഷനില്‍ വെച്ച് തന്നെ മരിച്ചുവെന്ന് പറഞ്ഞതായിരുന്നു. എന്നാല്‍ അത് സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്റ്റേഷനിലെ ക്യമറയുള്ള ഒരു ഭാഗത്തും കൊണ്ടുപോകാതെ താമിറിനെ ക്യാമറ ഇല്ലാത്ത ഭാഗത്ത് എത്തിച്ചു. രണ്ട് മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത ഭാഗത്തായിരുന്നു. പൊലീസുകാര്‍ ഇത് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ ഇനിയും പല കാര്യങ്ങളും പുറത്ത് വരാനുണ്ട്. കൃത്യമായ പുനരന്വേഷണം നടത്തണം. താമിറിനെതിരായ ലഹരിക്കേസ് വ്യാജമാണെന്ന് സിബിഐ കണ്ടെത്തി. ഡാന്‍സാഫ് സംഘം മര്‍ദ്ദിച്ചെന്നും കണ്ടെത്തി. നിയമവിരുദ്ധമായി ഡാന്‍സാഫ് സംഘത്തിന് ഒരാളെ കസ്റ്റഡിയില്‍ വെക്കാനുള്ള അധികാരം അവര്‍ക്കില്ല. ഈ കുറ്റപത്രം അംഗീകരിക്കാന്‍ പറ്റില്ല’, ഹാരിസ് പറഞ്ഞു.

2023 ഓഗസ്റ്റ് ഒന്നിനായിരുന്നു എംഡിഎംഎ കൈവശം വച്ചെന്ന കേസില്‍ തിരൂരങ്ങാടി മമ്പുറം സ്വദേശിയായ താമിറിനെയുള്‍പ്പടെ അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കര്‍മസേനയായ ഡാന്‍സാഫ് ടീമാണ് കസ്റ്റഡിയിലെടുത്തത്. അന്ന് പുലര്‍ച്ചെ താമിര്‍ ജിഫ്രി കൊല്ലപ്പെടുകയായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നാല് പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. തുടര്‍ന്ന് ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*