തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് സ്പെഷൽ ട്രെയിൻ സർവീവ് പ്രഖ്യാപിച്ചിരിക്കുന്നത്. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽനിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷൽ ട്രെയിൻ സഹായമാകും. ബുക്കിംഗ് ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ഓഗസ്റ്റ് 20ന് വൈകുന്നേരം 10.30ന് ബെംഗളൂരൂ കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ എത്തിച്ചേരും. അതേദിവസം വൈകിട്ട് 4.10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരും.
ഓണം പ്രമാണിച്ച് കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

Be the first to comment