വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവ്; നിയമനം പിൻവലിക്കണമെന്ന പ്രമേയവുമായി MSF

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവെന്ന ആരോപണവുമായി എംഎസ്എഫ്. നിയമനം പിൻവലിക്കണമെന്ന പ്രമേയവുമായി MSF രംഗത്തെത്തി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്കുള്ള നിയമനം വേദനയും നിരാശയും ഉണ്ടാക്കുന്നു എന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് ആണ് പ്രമേയം അവതരിപ്പിച്ചത്.

പല പ്രതികൂല സാഹചര്യത്തിലും പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലെത്തിച്ച യുവതലമുറയാണ് പാർട്ടിയുടെ ശക്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നു.ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം നൽകിയത് കൊണ്ടോട്ടിയിലെ എം.എസ്.എഫ് പ്രവർത്തകരിൽ വലിയ മാനസിക പ്രയാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വിവിധ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കാത്ത സാഹചര്യം പ്രവർത്തകരിൽ കടുത്ത നിരാശയും വേദനയും സൃഷ്ടിച്ചിരിക്കുകയാണ്.

പ്രത്യേകിച്ച്, കൊണ്ടോട്ടി മണ്ഡലത്തിൽ പാർട്ടിയുടെയും എം.എസ്.എഫിൻ്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവമായി ഇടപെട്ടുവരുന്ന നിരവധി യുവാക്കൾ നിലവിലിരിക്കെ, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് പാർട്ടി പ്രവർത്തനവുമായി ബന്ധമില്ലാത്ത, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവിന് നിയമനം നൽകിയ സാഹചര്യം കൊണ്ടോട്ടിയിലെ എം.എസ്.എഫ് പ്രവർത്തകരിൽ വലിയ മാനസിക പ്രയാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്. തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരുടെ വിയർപ്പിനും ത്യാഗത്തിനും പങ്കുണ്ടെങ്കിൽ, അധികാരത്തിൻ്റെ പങ്കാളിത്തത്തിലും അവരുടെ സേവനവും അർഹതയും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രമേയത്തിൽ ആവശ്യമുണ്ട്.

എം.എസ്.എഫ്. യൂത്ത് ലീഗ് പോലുള്ള യുവജന സംഘടനകളുടെ പ്രവർത്തകരെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഏറ്റവും പ്രയാസമേറിയ കാലഘട്ടങ്ങളിൽ മുന്നിൽ നിർത്തുകയും, അധികാരം ലഭിക്കുന്ന ഘട്ടത്തിൽ അവരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സമീപനം തിരുത്തപ്പെടേണ്ടതാണ്.
അതിനാൽ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള നിയമനങ്ങളിൽ ദീർഘകാലമായി പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അർഹരായ പ്രവർത്തകർക്ക് മുൻഗണന നൽകുന്ന സമീപനം സ്വീകരിക്കണമെന്ന് ഈ കമ്മിറ്റി ആവശ്യപ്പെടുന്നു.

പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങളോടും സംഘടനാ സംവിധാനത്തോടും ആത്മാർത്ഥമായി ചേർന്നുനിന്ന പ്രവർത്തകരെ അവഗണിച്ച്, സംഘടനയ്ക്ക് പുറത്തുള്ളവർക്ക് അനർഹമായ പരിഗണന നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. കൊണ്ടോട്ടി മണ്ഡലത്തിലെ എം.എസ്.എഫ് പ്രവർത്തകരിൽ നിലവിലുള്ള ഈ ആശങ്കയും മാനസിക പ്രയാസവും പാർട്ടി നേതൃത്വത്തിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും, ബന്ധപ്പെട്ട നിയമന വിഷയത്തിൽ ആവശ്യമായ രാഷ്ട്രീയ ഇടപെടൽ നടത്തി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണമെന്ന് കൊണ്ടോട്ടി മണ്ഡലം എംഎഫ്എഫ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*