ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ച പോസ്റ്റ്; അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിൽ

അർജുൻ ആയങ്കിക്കെതിരെ (Arjun Ayanki) കുരുക്ക് മുറുക്കി പോലീസ്. ആഭ്യന്തരമന്ത്രിയേയും പോലീസിനെയും വെല്ലുവിളിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ടൗൺ സൈബർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനിടയിൽ കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജയിലിൽ എത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അർജുനെതിരെ കാപ്പ ചുമത്താനുള്ള നടപടികളും ഊർജിതമാക്കി. അതിനിടെ അർജുനെ കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിലെത്തിച്ച സുഹൃത്ത് രാഹുലിന്റെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി.

തലശ്ശേരി സി.ജെ.എം. കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കണ്ണൂർ ടൗൺ സൈബർ പോലീസാണ് അർജുനെ കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്ച 11.30 വരെയാണ് കസ്റ്റഡി. 9ന് പുലർച്ചെ 2.15ന് കസ്റ്റഡിയിലായ അർജുൻ തലശ്ശേരി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിലായിരുന്നു. ഒളിവിലായിരുന്ന സമയത്ത് അർജുൻ തന്നെയാണ് സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നാണ് പോലീസ് കരുതുന്നത്.

എന്നാൽ പോസ്റ്റുകൾ പങ്കുവെച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലിൽ അർജുൻ നൽകിയ മൊഴി. ഇതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഒപ്പം കേസിലെ നിർണായ തെളിവായ ഇയാൾ ഉപയോഗിച്ച ഫോൺ കണ്ടെത്താനായിട്ടില്ല. ഒളിവിലായ സമയത്ത് രക്ഷപ്പെടാൻ സഹായിച്ചവരെയും കണ്ടെത്താനുണ്ട്.

ഇതിനിടയിൽ കോതമംഗലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂരിലെ കസ്റ്റഡി പൂർത്തിയായാൽ കോതമംഗലം പോലീസും അർജുനെ കസ്റ്റഡിയിൽ വാങ്ങും. അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലാപ്ടോപ്പും, പെൻഡ്രൈവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.

നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ജാമ്യം ലഭിക്കുന്നതിന് മുമ്പ് കാപ്പ ചുമത്താനുള്ള നടപടികളും പോലീസ് വേഗത്തിലാക്കി. ഇതിന് മുന്നോടിയായി പ്രതിക്കെതിരെയുള്ള കേസ് ഹിസ്റ്ററി ശേഖരിച്ചു. ഇത് കലക്ടർക്ക് കൈമാറും. ഇത് സംബന്ധിച്ച് കലക്ടറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അർജുനെ കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ കാറിലെത്താൻ സഹായിച്ച സുഹൃത്ത് പ്രണവിന്റെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. അർജുന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

മൂന്ന് കേസുകളാണ് അർജുൻ ആയങ്കിക്കെതിരെ കൊച്ചിയിലുള്ളത്. ഒരു കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ചതിനാൽ ഈ കേസിൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. ഊന്നുകൽ എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് മറ്റൊരു കേസ്. കോതമംഗലം കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെയാണ് ഒളിവിൽ പോയത്. ഒൻപതിന് പുലർച്ചെ കണ്ണൂരിലെ അഭിഭാഷകരുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് അർജുൻ ആയങ്കി പോലീസിന്റെ പിടിയിലായത്.

Be the first to comment

Leave a Reply

Your email address will not be published.


*