സ്വന്തം അമ്മയെയും ഇളയ സഹോദരനെയും വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ 17 വയസ്സുകാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിലായി. മസാച്യുസെറ്റ്സിലെ ആക്ടണിൽ താമസിക്കുന്ന അർജുൻ അരവിന്ദ് ആണ് കേസിൽ പ്രതിയായിട്ടുള്ളത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അർജുനെ ബുധനാഴ്ച പുലർച്ചെ പോലീസ് പിടികൂടി.
ആക്ടൺ-ബോക്സ്ബറോ റീജണൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ പഠിപ്പിക്കാനായി വീട്ടിലെത്തിയ അധ്യാപകന് വീടിന്റെ വാതിൽ തുറക്കാനോ ഉള്ളിലുള്ളവരെ ബന്ധപ്പെടാനോ സാധിച്ചില്ല. തുടർന്ന് അധ്യാപകൻ അർജുന്റെ പിതാവിനെ വിവരമറിയിച്ചു. ജോലിസ്ഥലത്തായിരുന്ന പിതാവും ഭാര്യയെയും മക്കളെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ അദ്ദേഹം ആക്ടൺ പോലീസിന്റെ സഹായം തേടുകയായിരുന്നു.
പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് സുധയെയും സിദ്ധാർത്ഥിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥിന്റെ മൃതദേഹം ഒന്നാം നിലയിലും അമ്മയുടെ മൃതദേഹം ബേസ്മെന്റിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരണ കാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
അമ്മയുടെ കാറുമായി കടന്നു
പോലീസെത്തുമ്പോൾ അർജുൻ വീട്ടിലുണ്ടായിരുന്നില്ല. അമ്മയുടെ ഹോണ്ട അക്കോർഡ് കാറുമായി പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബുധനാഴ്ച പുലർച്ചെ സമീപ പ്രദേശമായ വെയ്ലാന്റിലെ ഒരു പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ നിന്ന് അർജുനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചാറ്റ് ജിപിടിയിൽ തിരഞ്ഞത് കൊലപാതക രീതികൾ
അർജുന്റെ സമീപകാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ച അന്വേഷണസംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രതി തന്റെ കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ആശയങ്ങളും ഇന്റർനെറ്റിലും ചാറ്റ് ജിപിടി വഴിയും തിരഞ്ഞിരുന്നതായി മിഡിൽസെക്സ് ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു.
ഗോഥിക് കഥകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി സാങ്കൽപ്പിക കഥാപാത്രങ്ങളെക്കുറിച്ചും കഥാസന്ദർഭങ്ങളെക്കുറിച്ചും അർജുൻ ചാറ്റ് ജിപിടിയോട് ചോദിച്ചിരുന്നു. എങ്കിലും ഈ തിരച്ചിലുകൾ മാത്രമാണോ കൊലപാതകത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കേസും തുടർനടപടികളും
കൊലപാതകം, കുടുംബാംഗങ്ങൾക്കെതിരെയുള്ള ആക്രമണം, വാഹനം മോഷ്ടിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് അർജുനെതിരെ കേസെടുത്തിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജൂവനൈൽ കോടതിയിൽ നിന്ന് കേസ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റും. കൊല്ലപ്പെട്ട കുടുംബം ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Be the first to comment