ഉറങ്ങാന്‍ മരുന്ന് കഴിക്കാറുണ്ട്, ലഹരി പരിശോധനയില്‍ കണ്ടെത്തിയത് ഇതാവാം; എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിന്റെ മൊഴി

ഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശത്ത് വച്ച് പൊടുന്നനെ 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് എതിരെ നടപടി ഉണ്ടായേക്കും. വീഴ്ചകളില്‍ എയര്‍ ഇന്ത്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യാത്രയ്ക്കിടെ താന്‍ ഉറങ്ങിയെന്നും ഉറക്കത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായും പൈലറ്റ് മൊഴി നല്‍കി.

അഹമ്മദാബാദിലെ ദുരന്തത്തിന്റെ ഓര്‍മ മാഞ്ഞിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടും കാത്തിരിക്കുകയാണ്. അതിനിടെയാണ് മറ്റൊരു എയര്‍ ഇന്ത്യാ ദുരന്തം ഭാഗ്യവശാല്‍ ഒഴിവായത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്ക് അടക്കം തകരാര്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ പുറത്ത് വന്നു. ഓട്ടോപൈലറ്റ് സംവിധാനത്തിലും പ്രശ്‌നങ്ങള്‍ കാണിച്ചു. മറുവശത്ത് ക്യാപ്റ്റനും സംശയ നിഴലിലാണ്. ലാന്‍ഡിംഗിന് പിന്നാലെ നടത്തിയ ലഹരി മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. കഞ്ചാവ് ഉപയോഗിച്ചോ എന്നാണ് സംശയം. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ഉറക്കം വരാനുള്ള മരുന്ന് കഴിച്ചിരുന്നെന്നുമാണ് ക്യാപ്റ്റന്‍ മൊഴി നല്‍കിയത്. ഇതാണ് ലഹരിയായി കണ്ടെത്തിയതെന്നാണ് വാദം.യാത്രയ്ക്കിടെ അര മണിക്കൂറോളം ഉറങ്ങി. ശുചിമുറിയില്‍ പോയി വന്ന ശേഷം സഹ പൈലറ്റിന്റെ പുറകില്‍ നില്‍ക്കുമ്പോഴാണ് വിമാനം താഴ്ന്നതെന്നാണ് പറഞ്ഞത്.

വീഴ്ച ആരുടേതാണെങ്കിലും കര്‍ശന നടപടി വേണമെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും എയര്‍ ഇന്ത്യയോട് വ്യോമയാന സെക്രട്ടറി ആവശ്യപ്പെട്ടു. ലഹരി പരിശോധന ചട്ടങ്ങള്‍ കര്‍ശനമാക്കണമെന്ന് ഡിജിസിഎയ്ക്കും നിര്‍ദേശമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*