യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും: ധനമന്ത്രി നിർമലാ സീതാരാമൻ

യുപിഐ ഇടപാടുകളിൽ യാതൊരുവിധ നികുതിയും ചുമത്തില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ‘നികുതി ഭേദഗതി ബിൽ’ പാർലമെന്റ് പാസാക്കി. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കൾക്ക് തുടർന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയ ബിൽ, ധനമന്ത്രിയുടെ ഹ്രസ്വമായ ചർച്ചയ്ക്കും മറുപടിക്കും ശേഷം രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. യുപിഐ ഇടപാടുകളിൽ പുതിയ ബിൽ യാതൊരു നികുതിയോ അധിക ചാർജോ നിർദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

‘ഉപഭോക്താക്കൾ ഏതെങ്കിലും യുപിഐ ചാർജ് നൽകേണ്ടി വരുമോ? ഇല്ല. യുപിഐ ആരംഭിച്ചതുമുതൽ ഉപഭോക്താക്കൾക്ക് സൗജന്യമാണ്. എല്ലാ ഇന്ത്യക്കാരും ഒരു ഇടപാട് ചാർജും നൽകാതെ തന്നെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം തുടർന്നും ഉപയോഗിക്കുന്നത് ഉറപ്പാക്കും.’ സീതാരാമൻ വ്യക്തമാക്കി.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ അനുസരിച്ച്, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടും ആദായനികുതി നിയമവും തമ്മിലുള്ള ബന്ധം ഒഴിവാക്കാനും യുപിഐ, റുപേ കാർഡ് ഇടപാടുകളുടെ സീറോ-എംഡിആർ ചട്ടക്കൂട് പരിഷ്കരിക്കുന്നതിന് സർക്കാരിന് നിയമപരമായ പിന്തുണ നൽകാനും ബിൽ നിർദ്ദേശിക്കുന്നു. ബാങ്കുകൾക്കും പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾക്കും യുപിഐ, റുപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഉപയോക്താക്കളിൽ നിന്ന് നേരിട്ടോ അല്ലാതെയോ നിരക്ക് ഈടാക്കാൻ കഴിയില്ല. ഏതൊക്കെ ഇലക്ട്രോണിക് പേയ്‌മെന്റ് മോഡുകളാണ് സൗജന്യമായി തുടരേണ്ടത് എന്ന് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാരിന് തീരുമാനിക്കാം.

കൂടുതൽ വിദേശ മൂലധനം ആകർഷിക്കുക, ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണം പ്രോത്സാഹിപ്പിക്കുക, വിദേശ ക്ലൗഡ് കമ്പനികൾക്ക് ഇന്ത്യൻ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നത് എളുപ്പമാക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു. ജി-സെക്യൂരിറ്റികളിലെ നിക്ഷേപങ്ങളിൽ നിന്ന് എഫ്.പി.ഐകൾ നേടുന്ന പലിശ വരുമാനത്തിനും മൂലധന നേട്ടത്തിനും ആദായനികുതി ഇളവ് നൽകുന്ന ജൂൺ 5 ലെ ഓർഡിനൻസിന് പകരമായാണ് 2026 ലെ നികുതി ഭേദഗതി ബിൽ വന്നിരിക്കുന്നത്. ഫണ്ട് മാനേജർമാരുടെ ആഗോള വരുമാനത്തിന് ഇന്ത്യയിൽ നികുതി ചുമത്തുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് അവർക്ക് ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റുന്നത് എളുപ്പമാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*