കൊളംബിയയിലെ ഭൂകമ്പബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായമേകി ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാന്‍ :ശക്തമായ ഭൂകമ്പത്തിൽ ദുരിതത്തിലായ കൊളംബിയൻ ജനതയോടുള്ള തന്റെയും ആഗോള കത്തോലിക്കാസഭയുടെയും ഐക്യദാർഢ്യത്തിന്റെ ഭാഗമായി അടിയന്തര സാമ്പത്തിക സഹായമെത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 10-ന് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറോളം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, ഇത്തരമൊരു ആദ്യഘട്ട സാമ്പത്തിക സഹായമായി ഒരു ലക്ഷം യൂറോ പരിശുദ്ധ പിതാവ് അനുവദിച്ചത്.

പാപ്പായുടെ നിർദേശപ്രകാരം കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി “അപ്പസ്തോലിക അൽമൊണറി” വഴിയാണ്, ഏതാണ്ട് ഒരു കോടി പത്തുലക്ഷത്തോളം രൂപയുടെ ഈ അടിയന്തര സഹായം കൈമാറപ്പെട്ടത്. ദുരിതബാധിത പ്രദേശങ്ങളിലെ രൂപതകളിലേക്ക് സഹായം എത്തിക്കുന്നതിനായി, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പ്രവർത്തിക്കുന്ന കൊളംബിയൻ മെത്രാൻ സമിതിയുടെ സാമൂഹ്യ അജപാലന വിഭാഗത്തിലേക്കാണ് പാപ്പാ ഈ തുക നൽകിയത്.

ദുരിതബാധിതപ്രദേശങ്ങളിലെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യ സഹായമാണിതെന്നും, ഭൂകമ്പബാധിത മേഖലകളിലെ യഥാർത്ഥ ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തിയശേഷം കൂടുതൽ സഹായങ്ങൾ നൽകുമെന്നും വത്തിക്കാൻ അറിയിച്ചു.

അപ്പസ്തോലിക അൽമോണറിന്റെ പ്രിഫെക്റ്റ് ആർച്ച്‌ബിഷപ്പ് ലൂയീസ് മരീൻ ദേ സാൻ മർത്തീൻ (Archbishop Luis Marín de San Martín) കൊളംബിയൻ മെത്രാൻ സമിതിഅദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഹവിയെർ മൂണെര കൊറെയയിലൂടെയും (Archbishop Francisco Javier Múnera Correa), അപ്പസ്തോലിക നൂൺഷ്യേച്ചർ വഴിയും ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വിവരങ്ങൾ തേടുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ അടിയന്തര ആവശ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും തയ്യാറാക്കി വരികയാണ്.

” മറ്റുള്ളവരുടെ വേദനയും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സഹോദരസ്നേഹത്തോടും കാര്യക്ഷമതയോടും പ്രതികരിക്കുന്ന ദൈവജനത്തിന്റെ കുടുംബമാണ് സഭ” എന്ന സന്ദേശത്തോടെയാണ് സഹായ പ്രവർത്തനങ്ങൾക്ക് സഭ നേതൃത്വം നൽകുന്നതെന്ന് ആർച്ച്ബിഷപ് ലൂയീസ് മരീൻ ദേ സാൻ മർത്തീൻ പ്രസ്താവിച്ചു.

ഓഗസ്റ്റ് 12 ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ കൊളംബിയയിലെ ജനതയെ പ്രത്യേകമായി അനുസ്മരിച്ച പാപ്പാ, കഴിഞ്ഞ ദിവസം പ്രദേശത്തെ ജനത്തിന് ഒരു ടെലെഗ്രാം സന്ദേശത്തിലൂടെ പ്രാർത്ഥനകളും സാമീപ്യവും അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*