മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ന്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോ ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് റിഫൈനറിക്ക് മുകളിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ടാറ്റ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടാനെക്കോ റിഫൈനറി റഷ്യയുടെ പ്രധാന ഇന്ധന സ്രോതസ്സുകളിലൊന്നാണ്. 2024-ൽ 1.7 കോടി ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച ഈ പ്ലാന്റിൽ നിന്ന് 27 ലക്ഷം ടൺ പെട്രോളും 85 ലക്ഷം ടൺ ഡീസലും ഉത്പാദിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രൈന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായാണ് റഷ്യൻ അധികൃതരുടെ വിശദീകരണം.

Be the first to comment