വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. അരിസോണ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അനലിറ്റിക്സ് വിദ്യാർഥിയായ വരുൺ ബാച്ചിഗരി (20) ആണ് പിടിയിലായത്. അരിസോണ യൂണിവേഴ്സിറ്റിയ്ക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ജുലിസ്സ റൂബി സലാസർ (19) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ ജുലിസ്സയെ കണ്ടെത്തിയത്. കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ടക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹൂസ്റ്റൺ വഴി ജർമനിയിലേക്ക് കടന്ന വരുൺ, അവിടെ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, അമേരിക്കൻ പോലീസിന്റെയും ബെർലിനിലെ യുഎസ് എംബസി ഉദ്യോഗസ്ഥരുടെയും നീക്കത്തിലൂടെ ജർമനിയിലെത്തിയ ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ അമേരിക്കയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ജുലിസ്സ വരുണുമായിട്ടുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വരുണിന്റെ നിരന്തരമായ ഉപദ്രവങ്ങളും അക്രമസ്വഭാവവും കാരണമാണ് ബന്ധം അവസാനിപ്പിക്കാൻ ജുലിസ്സ തീരുമാനിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ ഫോണും ക്രെഡിറ്റ് കാർഡുകളും കൈക്കലാക്കിയ പ്രതി, അമ്മയ്ക്ക് വ്യാജ സന്ദേശങ്ങൾ അയച്ച് വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായണ്.

Be the first to comment