വിശ്വാസത്തിന്റെ പുതിയ സന്ദേശവുമായി 639-ാമത് ഇന്റർ നാഷണൽ പ്രയർ ഓൺലൈൻ ആത്മീയ സംഗമം സമാപിച്ചു

ചിക്കാഗോ :2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് നടന്ന IPL-ന്റെ 639-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം അനുഗ്രഹകരമായി പര്യവസാനിച്ചു. കർത്താവിന്റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.

പ്രാർത്ഥനാ യോഗത്തിന് സി. വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ ഡോ ജോൺ ടി മാത്യുവിന്റെ (കാനഡ) പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഡോ. അന്ന്യമ്മ സാധു (ചിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.

യോഗത്തിൽ ഡോ. മാത്യൂസ് സാധു (ചിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വർഷങ്ങളോളം പെട്ടകം നിർമ്മിച്ച് നോഹ നൽകിയ മാതൃക പ്രതിസന്ധികളെ വകവെക്കാതെ ദൈവവചനത്തിന് പൂർണ്ണമായി കീഴ്‌പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറാൻ വൈകിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം അബ്രഹാമിന്റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി. ചിന്തകൾ, മനോഭാവങ്ങൾ, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും, “കർത്താവ് വീണ്ടും വരും” എന്ന വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

തുടർന്ന് നടന്ന മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു) (ഹൂസ്റ്റൺ, ടെക്സസ്) നേതൃത്വം നൽകി. ടി. എ. മാത്യു (ഹൂസ്റ്റൺ, ടെക്സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു. റവ. ജോൺസൺ വർഗീസ് (വാക്കേഗൻ, ഇല്ലിനോയിസ്) സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.

അടുത്ത ആഴ്‌ചയിലെ 640-ാമത് സെഷൻ പ്രാർത്ഥനാ യോഗം 2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തിൽ പാസ്റ്റർ അലക്സാണ്ടർ തോമസ് (അറ്റ്ലാന്റ) ദൈവസന്ദേശം നൽകുന്നതും, തോമസ് ജോൺ (രാജു) (അറ്റ്ലാന്റ, ജോർജിയ) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*