തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വിദേശ നിക്ഷേപത്തിന്റെ സാഹചര്യത്തിൽ ഇൻഷുറൻസ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പോളിസി ഉടമകൾ. സ്വകാര്യമേഖലയിൽ ആശുപത്രികൾ ഇൻഷുറസ് ഇല്ലാത്തവർക്കും ഉള്ളവർക്കും പലനിരക്കുകൾ ഈടാക്കുന്നുണ്ടെന്നാണ് പരാതി. കോർപ്പറേറ്റ് ആശുപത്രികൾക്കൊപ്പം മത്സരിക്കാൻ വലിയ ലോൺ എടുത്ത് ഇടത്തരം ആശുപത്രികൾ നിക്ഷേപം നടത്തുന്നതോടെ സാധാരണക്കാർക്കും സമീപഭാവിയിൽ ചികിത്സ ചിലവ് ഉയരാനാണ് സാധ്യത. ചികിത്സാ രീതികൾ മുതൽ സേവന മനോഭാവത്തിൽ വരെ ഇൻഷുറൻസ് പോളിസി ഉള്ളവർക്കും ഇല്ലാത്തവർക്കും കോർപ്പറേറ്റ് ആശുപത്രികളിൽ രണ്ട് തട്ടിലാണ് കാര്യങ്ങൾ.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇൻഷുറൻസ് തുക അനുവദിക്കുന്നതിൽ വലിയ കാലതാമസവുമുണ്ട്. ശസ്ത്രക്രിയകൾക്ക് അടക്കം സർക്കാർ ആശുപത്രികളിൽ സൗകര്യം കുറഞ്ഞാൽ ഇടത്തരം ആശുപത്രികളിലേക്കാകും രോഗികളെത്തുക. എന്നാൽ നഴ്സുമാരുടെ സമരത്തെ തുടർന്ന് ശമ്പള വർധനവ് നടപ്പാക്കിയതോടെ ഇത്തരം ആശുപത്രികൾക്ക് ലാഭം കുറഞ്ഞു. പ്രീമിയം കോർപ്പറേറ്റ് ആശുപത്രികൾ റോബോട്ടിക് സർജറിയടക്കം അവതരിപ്പിച്ച് നിലവാരം ഉയർത്തിയതോടെ മത്സരത്തിൽ പിടിച്ച് നിൽക്കാൻ വലിയ നിക്ഷേപം നടത്തുകയാണ് ഇടത്തരം മാനേജ്മെന്റ് ആശുപത്രികൾ. വലിയ ടേം ലോണുകളിലെ തിരിച്ചടവിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിരക്ക് ഉയർത്തേണ്ട സമ്മർദ്ദത്തിലാണ് ഇത്തരം ആശുപത്രികൾ.
വിദേശനിക്ഷേപം എത്തുന്നതോടെ പ്രീമിയം കോർപ്പറേറ്റ് ആശുപത്രികളിൽ ചികിത്സാ ചിലവ് കൂടും. സർക്കാർ മേഖലയിലെ ചികിത്സ രീതികൾ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ പേർ ഇൻഷുറൻസിനെ ആശ്രയിക്കേണ്ടതായി വരും. സമീപഭാവിയിൽ ആരോഗ്യമേഖലയിൽ സംഭവിക്കുക വലിയ മാറ്റങ്ങൾ ആയിരിക്കും. ഇൻഷുറൻസ് സേവനം ഉപയോഗപ്പെടുത്തുന്നവർ കൂടുതൽ കരുതലെടുത്താൽ ചികിത്സ ചിലവിലും കുറവ് വരും.
ആശുപത്രിയിലെ പരിശോധനകൾ,ശസ്ത്രക്രിയകൾ നിലവാരം അനുസരിച്ച് ഏകീകരിച്ച നിരക്ക് കൊണ്ട് വരാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് പോളിസി ഉടമകളുടെ ആവശ്യം. ഇല്ലെങ്കിൽ സർക്കാർ ആശുപത്രികളിലൊഴികെ ഇടത്തരം മാനേജ്മെന്റ് കോർപ്പറേറ്റ് ആശുപത്രികളെല്ലാം സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാകും ചിലവ്.

Be the first to comment