ആയുധക്ഷാമത്തെ മറികടക്കുന്നതിനായി ഉൽപാദനവും വിതരണവും വർധിപ്പിക്കാൻ യു.എസ് പ്രതിരോധ വകുപ്പ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് നേരിടുന്ന കനത്ത ആയുധക്ഷാമത്തെ മറികടക്കുന്നതിനായി അമേരിക്കൻ പ്രതിരോധ കമ്പനികളോട് ആയുധങ്ങളുടെ ഉൽപാദനവും വിതരണവും അടിയന്തരമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ട് യു.എസ് പ്രതിരോധ വകുപ്പ്. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫെയിൻബർഗ് പ്രതിരോധ കമ്പനി മേധാവികൾക്ക് കർശന നിർദേശം നൽകി. പെന്റഗണിന്റെ ആയുധശേഖരം തീരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കം.

നിർണായകമായ പ്രതിരോധ സംവിധാനങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിനും വിതരണം വേഗത്തിലാക്കുന്നതിനുമുള്ള പദ്ധതികൾ സമർപ്പിക്കാൻ കമ്പനികൾക്ക് പരമാവധി 21 ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. വർഷങ്ങൾ നീളുന്ന ഉൽപാദന രീതികൾ ഇനി അംഗീകരിക്കാനാകില്ലെന്നും, കമ്പനികൾ തങ്ങളുടെ പ്രവർത്തന വേഗതയും ശേഷിയും എത്രയും പെട്ടെന്ന് വർധിപ്പിക്കണമെന്നും മെമ്മോയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇറാനുമായുള്ള അഞ്ച് മാസത്തോളം നീണ്ട സംഘർഷത്തിൽ അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക മിസൈൽ ഇന്റർസെപ്റ്ററുകളുടെ ശേഖരം വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80 ശതമാനത്തോളവും പാട്രിയറ്റ് ഇന്റർസെപ്റ്ററുകളിൽ ഏകദേശം 50 ശതമാനവും യു.എസ് സൈന്യം ഇതിനകം ഉപയോഗിച്ചുകഴിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് രാജ്യത്തിന്റെ ആയുധ ശേഖരം അപകടകരമായ രീതിയിൽ കുറയാൻ കാരണമായിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*