ഭോപാൽ: കേന്ദ്ര സർക്കാറിന്റെ എഥനോൾ മിശ്രിത നയത്തെ ന്യായീകരിച്ചും വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചും മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള ബി.ജെ.പി എം.പി ജനനാർദ് മിശ്ര. രാജ്യത്ത് ശുദ്ധപെട്രോൾ എവിടെനിന്ന് ലഭിക്കുമെന്നും വിമർശകർ രാജ്യത്ത് ശുദ്ധപെട്രോൾ എവിടുന്നാണ് കൊണ്ടുവരികയെന്നും ചോദിച്ച അദ്ദേഹം, ‘ശുദ്ധപെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?’ എന്ന് തിരിച്ചുചോദിച്ചു. ഇ20 ഇന്ധനം, വാഹനങ്ങളുടെ പ്രകടനം, ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം എന്നിവയെച്ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് എം.പിയുടെ വിവാദ പരാമർശം.
പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പൂർണമായി പിന്താങ്ങിയ ജനനാർദ് മിശ്ര, രാജ്യം ഇന്ധനത്തിനായി വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 20 ശതമാനം മാത്രമേ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ കൊണ്ടുപോകുന്നതിലെ പ്രയാസങ്ങളും കാരണം ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് ചിലപ്പോൾ 18,000 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഥനോൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്ന് ചോദിച്ച എം.പി, എഥനോൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധിക്കുന്നവരുടെ നിലപാട് അനാവശ്യമാണെന്ന് കുറ്റപ്പെടുത്തി.

Be the first to comment