മൈസൂരു: തൊഴിലിടത്തെ രൂക്ഷമായ മാനസിക പീഡനത്തെ തുടർന്ന് 45-കാരിയായ സൂപ്പർമാർക്കറ്റ് ജീവനക്കാരി ജീവനൊടുക്കി. മൈസൂരു സ്വദേശിനി നാഗേശ്വരിയാണ് വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. പുതിയതായി ചുമതലയേറ്റ ഡോളി എന്ന സൂപ്പർവൈസറുടെ നിരന്തരമായ വേട്ടയാടലാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
വാരാന്ത്യ അവധികൾ നിഷേധിക്കുക, മറ്റുള്ളവരുടെ തെറ്റുകൾ സ്വന്തം തലയിൽ കെട്ടിവെക്കാൻ നിർബന്ധിക്കുക, അസുഖം കാരണം രണ്ട് ദിവസം ജോലിക്ക് വരാതിരുന്നതിന് മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ക്രൂരതകൾ നേരിടേണ്ടി വന്നതായി കുറിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് അശോക് വീട്ടിലെത്തിയപ്പോഴാണ് നാഗേശ്വരിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment