ജമ്മു: ജമ്മു കാഷ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയുടെ അകമ്പടി വാഹനം തട്ടി ബിഹാർ സ്വദേശിയായ ഭാരത് കപൂർ (55) മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ ജമ്മുവിന് സമീപമുള്ള ഗംഗ്യാളിൽ വെച്ചായിരുന്നു അപകടം. ഉപമുഖ്യമന്ത്രിയെ വീട്ടിലിറക്കിയ ശേഷം മടങ്ങിപ്പോവുകയായിരുന്ന വാഹനവ്യൂഹത്തിലെ സ്കോർപിയോ കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭാരതിനെ ഇടിച്ചുവീഴ്ത്തിയത്.
ബിഹാറിലെ സമസ്തീപുർ സ്വദേശിയായ ഭാരത് കപൂർ പ്രദേശത്തെ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ ഡ്രൈവർ ഭാരതിനെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ നഗരപ്രദേശങ്ങളിലൂടെയുള്ള പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അതിവേഗ യാത്രയും റോഡ് സുരക്ഷയും മുൻനിർത്തി സംഭവം വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Be the first to comment