ബെംഗളൂരുവിലെ പബ്ബിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ്. പബ്ബിൽ നിന്നും കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു. ചർച്ച് സ്ട്രീറ്റിലെ പെഗ് ആൻഡ് ബോട്ടിൽസ് എന്ന പബ്ബിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കാലാവധി കഴിഞ്ഞ ക്രീം, ചീഞ്ഞ കൂണുകൾ, ദുർഗന്ധമുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ ക്രീം പാചകത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബേബി കോൺ പാക്കറ്റുകളിൽ നിന്നും പ്രാണികളും ചത്ത പാറ്റകളും കണ്ടെത്തി. ചീസ് പാക്കറ്റിനുള്ളിൽ നിന്നും ചത്ത പാറ്റയെയും കണ്ടെത്തി. ചൈനീസ് വിഭവങ്ങൾ തയ്യാറാക്കാൻ ഗുണനിലവാരം കുറഞ്ഞ പച്ചക്കറികളാണ് ഉപയോഗിച്ചിരുന്നത്.
പബ്ബിൽ നിന്നും ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പബ്ബിന്റെ അടുക്കള സീൽ ചെയ്യുകയും സ്ഥാപനം പൂട്ടുകയും ചെയ്തു. നഗരവ്യാപകമായി തുടരുന്ന പരിശോധനയുടെ ഭാഗമായി ഇതുവരെ ഏഴ് ഭക്ഷണശാലകളിലാണ് ഭക്ഷ്യവകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് തുടരുന്നുണ്ട്.
നഗരത്തിലെ വിവിധ റസ്റ്റോറന്റുകളിലും ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. 15 അംഗ ഭക്ഷ്യവകുപ്പ് സംഘമാണ് പരിശോധന നടത്തി. പരിശോധനയിൽ ആകെ 132 കിലോ ഭക്ഷ്യവസ്തുക്കളും 15 ലിറ്റർ ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തു.
മറ്റൊരു ഹോട്ടലിൽ നിന്നും 45 കിലോ ചീഞ്ഞ ചിക്കനും ബീഫും പിടിച്ചെടുത്തു. കൂടാതെ ആറ് കിലോ വെജിറ്റബിൾ കട്ട്ലറ്റുകളും 15 ലിറ്റർ ഉപയോഗിച്ച എണ്ണയും കണ്ടെത്തി. റോയൽ ചൈന റസ്റ്റോറന്റിൽ നിന്ന് 50 കിലോ താറാവ് ഇറച്ചിയും അഞ്ച് കിലോ മത്സ്യവും പിടിച്ചെടുത്തു. മദ്രാസ് കിച്ചണിൽ നിന്ന് അഞ്ച് കിലോ ഗ്രീൻ പീസ് പിടിച്ചെടുത്തു. ടോസ്കാനോ റസ്റ്റോറന്റിൽ നിന്ന് അഞ്ച് കിലോ കൂണും പിടിച്ചെടുത്തു. സാഞ്ചസ് റസ്റ്റോറന്റിൽ നിന്ന് മൂന്ന് കിലോ മത്സ്യവും കണ്ടെത്തി. ഏഴ് കിലോ കേക്ക്, ഉരുളക്കിഴങ്ങ് എന്നിവയും നശിപ്പിച്ചു.
മൊത്തത്തിൽ നടത്തിയ പരിശോധനകളുടെ ഭാഗമായി 132 കിലോ ഭക്ഷ്യവസ്തുക്കളാണ് ഭക്ഷ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ച് സ്റ്റാർ ഹോട്ടലുകളിൽ പോലും അടിസ്ഥാന ഭക്ഷ്യശുചിത്വവും ഭക്ഷ്യസംഭരണ രീതികളും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അധികൃതർ നിർദേശം നൽകി. സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Be the first to comment