ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. മമതയുടെ വാഹനത്തിന് നേരെ ചെരിപ്പേറും കല്ലേറുമുണ്ടായി. പ്രതിഷേധക്കാര്‍ ചെളി വാരിയെറിയുകയും ചെയ്തു. ബംഗാളിലെ ഹാലിസഹറിലാണ് സംഭവം. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ടിഎംസി കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ആയിരുന്നു പ്രതിഷേധം. അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.
പ്രതിഷേധക്കാര്‍ ബാനര്‍ജിയുടെ വാഹനം വളയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ ചെളി വാരിയെറിയുകയും വാഹനവ്യൂഹത്തിന് നേരെ വെള്ളക്കുപ്പികളും ഷൂസുകളും മറ്റ് പാദരക്ഷകളും എറിയുകയും ചെയ്തു. കള്ളിയെന്നും കൊള്ളക്കാരുടെ രാജ്ഞിയെന്നും മമതയ്‌ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളും വിളിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിര്‍ജു കെവോട്ടിന്റെ മരണത്തെത്തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. പൊലീസ് കസ്റ്റഡിയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പൊലീസ് അവകാശപ്പെട്ടെങ്കിലും, കസ്റ്റഡി മര്‍ദനമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. കസ്റ്റഡി മര്‍ദന ആരോപണങ്ങളെച്ചൊല്ലി വിവാദം ശക്തമാകുന്നതിനിടെയാണ് മമത ഹാലിസഹറിലേക്ക് മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. എന്നാല്‍, വസതിയിലെത്തുന്നതിന് മുന്‍പ് പ്രതിഷേധക്കാര്‍ മമതയുടെ വാഹനവ്യൂഹം തടയുകയും, തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.
അതേസമയം, കൊല്‍ക്കത്ത ആര്‍ജികര്‍ ബലാത്സംഗ കൊലയില്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ബംഗാള്‍ ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം. സംഭവ ദിവസം രാത്രി ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യും. കൊല്ലപ്പെട്ട ഡോക്ടറുടെ അധ്യാപകരില്‍ നിന്നും പ്രൊഫസര്‍മാരില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കും. ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് സിബിഐക്ക് കൈ മാറുമെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖര്‍ജി വ്യക്തമാക്കി.

Be the first to comment